ന്യൂഡല്‍ഹി|
Last Modified ചൊവ്വ, 8 നവംബര്‍ 2016 (09:16 IST)
ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതികളുടെ
വധശിക്ഷ റദ്ദു ചെയ്യണമെന്ന് സുപ്രീംകോടതിയില്‍ അമിക്കസ് ക്യൂറി. ഇക്കാര്യം ആവശ്യപ്പെടുന്ന റിപ്പോര്‍ട്ട് അമിക്കസ് ക്യൂറി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. ശിക്ഷയെക്കുറിച്ച് പ്രതികളുടെ വിശദീകരണം തേടിയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വധശിക്ഷ നല്കുന്നതിനു മുമ്പ് പാലിക്കേണ്ട ചട്ടങ്ങള്‍ പാലിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ അമിക്കസ് ക്യൂറി പറയുന്നു.
വിചാരണക്കോടതി കേസില്‍ നാലു പ്രതികള്‍ക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. എന്നാല്‍, വധശിക്ഷയ്ക്കെതിരെ പ്രതികള്‍ അപ്പീലുമായി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചത്.
കേസില്‍ ആകെ ആറു പ്രതികള്‍ ആയിരുന്നു ഉണ്ടായിരുന്നത്. ഇതില്‍, ഒന്നാം പ്രതി വിചാരണക്കാലയളവില്‍ തിഹാര്‍ ജയിലിനുള്ളില്‍ തൂങ്ങി മരിച്ചു. പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് മൂന്നുവര്‍ഷത്തെ തടവുശിക്ഷ ആയിരുന്നു വിധിച്ചത്. ബാക്കി നാലു പ്രതികള്‍ക്കാണ് വിചാരണക്കോടതി വധശിക്ഷ വിധിച്ചത്. ഇതിനെതിരെയാണ് പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയെ 2012 ഡിസംബര്‍ 16ന് ആയിരുന്നു ഓടുന്ന ബസില്‍ വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്തത്.