സൗമ്യ ട്രെയിനില്‍ നിന്ന് ചാടിയതാണോ, അതോ തള്ളിയിട്ടതാണോ?; പ്രോസിക്യൂഷനെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

സൌമ്യ വധക്കേസില്‍ പ്രോസിക്യൂഷനെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

 soumya murder case , train , rape case , supremcourt  , Govindachami , സൌമ്യ വധക്കേസ് , സുപ്രീംകോടതി , സൌമ്യ , വധശിക്ഷ
ന്യൂഡല്‍ഹി| jibin| Last Updated: വെള്ളി, 7 ഒക്‌ടോബര്‍ 2016 (15:44 IST)
സൗമ്യ വധക്കേസില്‍ പ്രോസിക്യൂഷനെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. കേസില്‍ വീഴ്‌ച പറ്റിയത്
പ്രോസിക്യൂഷനാണ്. സംശയത്തിന്റെ പേരില്‍ ഒരാള്‍ക്ക് നല്‍കാനാകില്ല. വധശിക്ഷ ഒഴിവാക്കിയത് സാക്ഷികളുടെ മൊഴികള്‍ കണക്കിലെടുത്താണ്. സൗമ്യ ട്രെയിനിൽനിന്ന് രക്ഷപെട്ടതായി രണ്ടുപേർ മൊഴി നൽകി. ഈ മൊഴികൾ എങ്ങനെ വിശ്വസിക്കാതിരിക്കുമെന്നും കോടതി ചോദിച്ചു.

പ്രതി ഗോവിന്ദച്ചാമിയുടെ കൊലപാതക കുറ്റം റദ്ദാക്കിയ ഉത്തരവിനെതിരേ നൽകിയ പുനഃപരിശോധന ഹർജി പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. സംസ്ഥാന സർക്കാരും സൗമ്യയുടെ അമ്മ സുമതിയുമാണ് ഹർജികൾ നൽകിയത്. ജസ്റ്റീസുമാരായ രഞ്ജൻ ഗൊഗോയി, പി.സി. പന്ത്, യു.യു. ലളിത് എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഒരാളെ തൂക്കി കൊല്ലാന്‍ 101ശതമാനം തെളിവുവേണം. സംശയത്തിന്റെ കണികപോലും ഉണ്ടെങ്കിൽ വധശിക്ഷ നൽകാനാകില്ല. ട്രെയിനില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നാണ് സാക്ഷികളുടെ മൊഴികള്‍. വിചാരണവേളയിൽ ഹാജരാക്കിയ സാക്ഷിമൊഴികൾ വിശ്വസിക്കണോ അതോ ഡോക്ടറുടെ മൊഴി വിശ്വസിക്കണോ.

സാക്ഷി മൊഴിയനുസരിച്ച് ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനിൽനിന്നു തള്ളിയിട്ടതിനു തെളിവില്ല. സൗമ്യയെ ട്രെയിനിൽനിന്നു തള്ളിയിട്ടത് ഗോവിന്ദച്ചാമിയാണെന്നു തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കണം. സൗമ്യ ട്രെയിനിൽനിന്നു ചാടി രക്ഷപ്പെട്ടെന്നാണ് സാക്ഷിമൊഴി. വികലാംഗനായ ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനിൽനിന്നു തള്ളിയിട്ടു എന്നു വിശ്വസിക്കാൻ പ്രയാസമാണ്. പ്രോസിക്യൂഷൻ സെൽഫ് ഗോളടിച്ചാണോ കേസിൽ തോറ്റത് എന്നു വേണമെങ്കിൽ പരിശോധിക്കാമെന്നും കോടതി വ്യക്‌തമാക്കി.

കേസ് പഠിക്കാൻ കൂടുതൽ സമയം വേണമെന്ന് സർക്കാരും സൗമ്യയുടെ അമ്മ സുമതിയുടെ അഭിഭാഷകനും ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് കേസ് പരിഗണിക്കുന്നത് കോടതി 17 ലേക്കു മാറ്റി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :