ന്യൂഡല്‍ഹി|
സജിത്ത്|
Last Modified വെള്ളി, 16 സെപ്‌റ്റംബര്‍ 2016 (18:06 IST)
സൌമ്യവധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷയുമായി ബന്ധപ്പെട്ടു സിപിഎമ്മിൽ അവ്യക്തത. ഗോവിന്ദച്ചാമിക്ക് നൂറുവട്ടം വധശിക്ഷ നല്‍കിയാല്‍ മതിയാവില്ലെന്ന് നിയമ മന്ത്രി എ കെ ബാലന്‍ പറഞ്ഞപ്പോള്‍ വധശിക്ഷ നൽകേണ്ടതില്ലെന്ന നിലപാടാണ് വി എസ് അച്യുതാനന്ദനും പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും പ്രതികരിച്ചത്.
വധശിക്ഷക്കെതിരായ സിപിഎം നിലപാടും സൌമ്യയുടെ വധക്കേസുമായി ഒരു തരത്തിലുള്ള ബന്ധവുമില്ല. ഗോവിന്ദച്ചാമിക്ക് വധശിക്ഷ നല്‍കണമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്നും എ കെ ബാലന്‍ വ്യക്തമാക്കി. അതേസമയം, ഗോവിന്ദച്ചാമിക്കെതിരെ കൊലക്കുറ്റം ചുമത്തുന്നതിനായാണ് തിരുത്തൽ ഹർജി നൽകേണ്ടതെന്നും ഇക്കാര്യത്തില്‍ പാർട്ടി നിലപാടിൽ മാറ്റമില്ലെന്നും ബേബി വ്യക്തമാക്കി.
ലോകത്ത് എൺപത്തിയഞ്ചിലധികം രാജ്യങ്ങളാണ് വധശിക്ഷ പാടില്ലെന്ന് തീരുമാനിച്ചിട്ടുള്ളത്. ഇക്കാര്യത്തിന്റെ അടിസ്ഥാനത്തിലും സിപിഎം സ്വതന്ത്രമായി കേന്ദ്ര കമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും നടത്തിയ ചർച്ചകളിലും എടുത്ത തീരുമാനമാണിതെന്നും ബേബി കൂട്ടിച്ചേര്‍ത്തു. വധശിക്ഷ ആവശ്യമില്ലെന്ന നിലപാടുതന്നെയാണ് വിഎസും കൈക്കൊണ്ടത്. ഇത്തരത്തിലുള്ള നീചപ്രവര്‍ത്തികള്‍ കണ്ടാല്‍ ജനം പ്രതിഷേധിക്കുമെന്നും വിഎസും പ്രതികരിച്ചു.