കേസ് നടത്തിപ്പിലെ പരാജയം മറച്ച് വയ്ക്കാനാണ് വധശിക്ഷയുടെ കാര്യത്തില്‍ സിപിഎം നേതാക്കള്‍ തമ്മില്‍ തര്‍ക്കിക്കുന്നത്: രമേശ് ചെന്നിത്തല

വധശിക്ഷയുടെ കാര്യത്തില്‍ സിപിഎം നേതാക്കളുടെ തര്‍ക്കം കേസ് നടത്തിപ്പിലെ പരാജയം മറച്ച് വയ്ക്കാനാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം| സജിത്ത്| Last Updated: ശനി, 17 സെപ്‌റ്റംബര്‍ 2016 (12:50 IST)
സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സൌമ്യ വധക്കേസ് നടത്തിപ്പിലെ സര്‍ക്കാരിന്റെ പരാജയം മറച്ച് വയ്ക്കാനാണ് ഇപ്പോള്‍ സിപിഎം ശ്രമം നടക്കുന്നത്. അതാണ് കേസിലെ പ്രതിയായ ഗോവിന്ദച്ചാമിക്ക് വധശിക്ഷ നല്‍കണോ വേണ്ടയോ എന്ന കാര്യത്തില്‍ സിപിഎം ഉന്നത നേതാക്കള്‍ക്കിടയിലെ ഈ തര്‍ക്കമെന്നും ചെന്നിത്തല പറഞ്ഞു.

സൌമ്യയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതിക്ക് ഇന്ത്യയില്‍ നിലനില്‍ക്കുന്ന പരമാവധി ശിക്ഷയാണ് നല്‍കേണ്ടത്. നിസ്സഹയായ ഒരു പെണ്‍കുട്ടിയെ ക്രൂരമായി ആക്രമിച്ച് മാരകമായി പരുക്കേല്‍പിക്കുകയും തുടര്‍ന്ന് അവളെ ക്രൂരമായി മാനഭംഗപ്പെടുത്തുകയും ചെയ്ത പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കാതെ പോകുന്ന അവസ്ഥ വന്നാല്‍ അത് സമൂഹത്തില്‍ കടുത്ത അരക്ഷിത ബോധം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നാളെ ഒരു പെണ്‍കുട്ടിക്കും ഇത്തരത്തിലൊരനുഭവം ഉണ്ടാകരുത്. അതുകൊണ്ട് വധശിക്ഷ തന്നെയാണ് പ്രതിക്ക് നല്‍കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിചാരണക്കോടതിയിലും ഹൈക്കോടതിയിലും ഈ കേസ് വിജയത്തിയതാണ്. ആ അഭിഭാഷകരുടെ സേവനം സുപ്രീം കോടതിയില്‍ ലഭ്യമാക്കുന്നതില്‍ പരാജയപ്പെട്ടതാണ് ഇത്തരമൊരു അവസ്ഥക്ക് കാരണമായത്. ഇനിയെങ്കിലും ഈ കേസ് ജാഗ്രതയോടെ നടത്തി പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുകയാണ് വേണ്ടതെന്നും പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :