കോവിഡ് രണ്ടാം തരംഗം അവസാനിക്കുക ജൂലൈയില്‍; ആറ് മാസത്തിനുശേഷം മൂന്നാം തരംഗം

നെല്‍വിന്‍ വില്‍സണ്‍| Last Modified വ്യാഴം, 20 മെയ് 2021 (12:33 IST)

ഒന്നാം തരംഗത്തേക്കാള്‍ ഭയാനകമായിരുന്നു ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം തരംഗം. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നു. മരണനിരക്ക് കൂടി. ഓക്‌സിജന്‍ ക്ഷാമം അതിരൂക്ഷമായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായാണ് രോഗികളുടെ എണ്ണം നേരിയ തോതില്‍ കുറഞ്ഞുതുടങ്ങിയത്. എന്നാല്‍, കോവിഡ് രണ്ടാം തരംഗത്തിനു ഉടന്‍ അന്ത്യമാകില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ഈ വര്‍ഷം ജൂലൈയോടെ കോവിഡ് രണ്ടാം തരംഗത്തിനു അവസാനമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. ശാസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള ഡിപ്പാര്‍ട്‌മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ മൂന്നംഗ ശാസ്ത്രജ്ഞന്‍മാരുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

മേയ് അവസാനത്തോടെ പ്രതിദിന കോവിഡ് രോഗികളുടെ ഒന്നരലക്ഷമായേക്കാം. ഇത് പതുക്കെ കുറഞ്ഞ് കുറഞ്ഞ് ജൂണ്‍ അവസാനത്തോടെ പ്രതിദിന രോഗികളുടെ എണ്ണം 20,000 ത്തിലേക്ക് എത്തും. രോഗനിരക്ക് ഏറ്റവും ഉയര്‍ന്ന തോതിലാണ് ഇപ്പോള്‍ ഉള്ളതെന്നും ഈ സംഘം വ്യക്തമാക്കുന്നു. മേയ് അവസാനത്തോടെ തമിഴ്‌നാട്ടില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗികളുടെ എണ്ണം കാണുമെന്നും ഇവര്‍ പറയുന്നു.

ആറ് മാസത്തിനു ശേഷം ഒരു മൂന്നാം തരംഗത്തിനുള്ള സാധ്യത കാണുന്നു. ചിലപ്പോള്‍ എട്ട് മാസം വരെ പോകാം. എന്നാല്‍, രോഗവ്യാപനം ഇപ്പോള്‍ ഉള്ള പോലെ രൂക്ഷമായേക്കില്ലെന്നും പഠനം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :