കോവിഡ് ടെസ്റ്റ് ഇനി വീട്ടിലിരുന്ന് ചെയ്യാം; പുതിയ മാര്‍ഗരേഖ

നെല്‍വിന്‍ വില്‍സണ്‍| Last Modified വ്യാഴം, 20 മെയ് 2021 (08:48 IST)

ഇനി വീട്ടിലിരുന്ന് കോവിഡ് ടെസ്റ്റ് നടത്താം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചാണ് (ഐസിഎംആര്‍) വീട്ടിലിരുന്ന് കോവിഡ് ടെസ്റ്റ് നടത്താവുന്ന ടെസ്റ്റ് കിറ്റിന് അംഗീകാരം നല്‍കിയത്. കോവിഡ് ടെസ്റ്റ് കിറ്റ് വീട്ടില്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഐസിഎംആര്‍ മാര്‍ഗരേഖ പുറത്തിറക്കി.

വീട്ടിലെ എല്ലാവരും കോവിഡ് ടെസ്റ്റ് ഉപയോഗിച്ച് പരിശോധന നടത്തണമെന്നില്ല. രോഗലക്ഷണം ഉള്ളവരോ ലബോറട്ടറിയിലെ ടെസ്റ്റില്‍ രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരോ മാത്രം കിറ്റ് ഉപയോഗിക്കണമെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. ഗൂഗിള്‍ പ്ലേസ്റ്റോറിലോ ആപ്പിള്‍ സ്റ്റോറിലോ ഡൗണ്‍ലോഡ് ചെയ്യാവുന്ന മൊബൈല്‍ ആപ്പില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രകാരം ടെസ്റ്റ് നടത്താനാണ് അനുമതി. ടെസ്റ്റ് നടത്തിയശേഷം ടെസ്റ്റ് സ്ട്രിപ്പിന്റെ പടമെടുത്ത് ഫോണില്‍ സൂക്ഷിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

കോവിഡ് പോസിറ്റീവായാല്‍ കൂടുതല്‍ പരിശോധന ആവശ്യമില്ല. അവര്‍ ക്വാറന്റൈനിലേക്ക് മാറണം. എന്നാല്‍, ഗുരുതര രോഗലക്ഷണങ്ങളുള്ളവര്‍ ഹോം ടെസ്റ്റ് നെഗറ്റീവ് ആയാല്‍ നിര്‍ബന്ധമായും ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്നും ഐസിഎംആര്‍ പറയുന്നു. മൂക്കിലെ സ്രവം ഉപയോഗിച്ചുള്ള പരിശോധനാ കിറ്റ് ഉടന്‍ വിപണിയിലെത്തും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :