അഭിറാം മനോഹർ|
Last Modified ബുധന്‍, 6 ജനുവരി 2021 (13:50 IST)
ഭർത്താവിന്റെ ഓഫീസ് ജോലിയുടെ മൂല്യത്തേക്കാൾ ഒട്ടും കുറവല്ല ഭാര്യയുടെ വീട്ടുജോലിയെന്ന് സുപ്രീം കോടതി. വീട്ടമ്മമാർ ജോലി ചെയ്യുന്നില്ല എന്നതിനാൽ കുടുംബത്തിന്റെ സാമ്പത്തിക മൂല്യം ഉയർത്തുന്നില്ല എന്ന ധാരണ കുഴപ്പം പിടിച്ചതും തിരുത്തേണ്ടതുമാണെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. വാഹനാപകടത്തിൽ മരിച്ച വീട്ടമ്മയുടെ മക്കൾക്കുളള നഷ്ടപരിഹാരം സംബന്ധിച്ച ഒരു കേസ് പരിഗണിക്കവേയാണ് കോടതിയുടെ ഈ പരാമര്‍ശം.
രാജ്യത്ത് 159.85 ദശലക്ഷത്തിനടുത്ത് സ്ത്രീകളാണ് വീട്ടുജോലികളിൽ വ്യാപൃതരായിട്ടുള്ളത്. വീട്ടമ്മമാർ ജോലി ചെയ്യുന്നില്ല, കുടുംബത്തിന്റെ സാമ്പത്തിക മൂല്യമുയർത്തുന്നില്ല തുടങ്ങിയ ധാരണകൾ കുഴപ്പം പിടിച്ചതാണ്. വളരെക്കാലമായി നിലനിൽക്കുന്ന അത്തരം കാഴ്‌ച്ചപ്പാടുകൾ മറികടക്കേണ്ടതുണ്ട്.
ഏപ്രിലിലാണ് വാഹനാപകടത്തിൽ പൂനം-വിനോദ് ദമ്പതികൾ മരിക്കുന്നത്. മോട്ടോർ ആക്സിഡന്റ്സ് ക്ലെയിം ട്രിബ്യൂണൽ ദമ്പതികളുടെ മക്കൾക്ക് 40.7 നഷ്ടപരിഹാരമായി നൽകിയെങ്കിലും ഇൻഷുറൻസ് കമ്പനി നൽകിയ അപ്പീലിന്മേൽ ഡൽഹി ഹൈക്കോടതി പൂനം വീട്ടമ്മയായതിനാൽ ഇത് 22 ലക്ഷം രൂപയായി കുറച്ചിരുന്നു. എന്നാൽ കേസ് പരിഗണിച്ച സുപ്രീംകോടതി നഷ്ടപരിഹാരത്തുക 33.2 ലക്ഷമായി ഉയർത്തി. മൂന്നംഗബെഞ്ച് ഐക്യകണ്ഠേനയാണ് തീരുമാനം കൈക്കൊണ്ടത്.