ചന്ദ്രയാന്‍ മൂന്ന് ഇന്ന് അമ്പിളിയെ തൊടും, ദൗത്യം വിജയിച്ചാല്‍ ഇന്ത്യ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമാകും

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 23 ഓഗസ്റ്റ് 2023 (08:29 IST)
ചന്ദ്രയാന്‍ മൂന്ന് ഇന്ന് അമ്പിളിയെ തൊടും. ദൗത്യം വിജയിച്ചാല്‍ ഇന്ത്യ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമാകും. ദൗത്യം വിജയിക്കുമെന്ന വലിയ വിശ്വാസത്തിലാണ് ഐഎസ്ആര്‍ഓയും രാജ്യവും. വൈകുന്നേരം 5.45 മുതല്‍ 6 വരെയുള്ള 19 മിനിറ്റിനുള്ളിലായിരിക്കും ചന്ദ്രയാന്‍ ദൗത്യം പൂര്‍ത്തിയാകുന്നത്.

അതേസമയം ചന്ദ്രയാന്‍-മൂന്ന് ചന്ദ്രനില്‍ ഇറങ്ങുന്നതിന്റെ തല്‍സമയ സംപ്രേഷണം കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ ഒരുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു. ഐഎസ്ആര്‍ഒയുമായി ചേര്‍ന്ന് 23ന് വൈകിട്ട് അഞ്ചു മണി മുതല്‍ രാത്രി പത്ത് മണി വരെയാണ് സംവിധാനം ഒരുക്കുന്നത്. 6.04 ന് ലൂണാര്‍ ലാന്‍ഡിംഗിന്റെ ദൃശ്യങ്ങള്‍ വലിയ സ്‌ക്രീനില്‍ കാണാന്‍ സാധിക്കും.

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും അമ്യൂസിയം ആര്‍ട് സയന്‍സും ചേര്‍ന്ന്
ഡിസംബറില്‍ തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കില്‍ നടത്തുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ കര്‍ട്ടന്‍ റെയ്‌സര്‍ പരിപാടിയായി മൂണ്‍ സെല്‍ഫി പോയിന്റും സജ്ജമാക്കും. 'നൈറ്റ് അറ്റ് ദി മ്യൂസിയം' പരിപാടിയുടെ ഭാഗമായി രാത്രി പത്തു മണി വരെ വാനനിരീക്ഷണ സൗകര്യം ബുധനാഴ്ചയുണ്ടാവും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :