ചാന്ദ്രയാന്‍-3 വിക്ഷേപണം ജൂലൈ 19നുള്ളില്‍ ഉണ്ടാകുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 13 ജൂണ്‍ 2023 (10:09 IST)
ഇന്ത്യയുടെ ചാന്ദ്രദൗത്യം ചാന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണം ജൂലൈ പന്ത്രണ്ടിനും പത്തൊന്‍പതിനും ഇടയില്‍ നടത്താനുള്ള തീവ്രശ്രമത്തിലാണു ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്ര(ഐ.എസ്.ആര്‍.ഒ.)മെന്നു ചെയര്‍മാന്‍ എസ്. സോമനാഥ്. വിദ്യാര്‍ഥികള്‍ക്കായി വൈക്കം സെന്റ് സേവ്യേഴസ് കോളജില്‍ സംഘടിപ്പിച്ച ഏകദിനശില്‍പശാലയോട് അനുബന്ധിച്ചു നടത്തിയ മാധ്യമസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപഗ്രഹം ബംഗളുരുവിലെ യു.ആര്‍. റാവു ഉപഗ്രഹ കേന്ദ്രത്തില്‍നിന്ന് ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തിലെത്തിയിട്ടുണ്ട്. അവിടെ അതിന്റെ അന്തിമഘട്ടപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.

വിക്ഷേപണത്തിനുള്ള എല്‍.വി.എം. റോക്കറ്റ് ചന്ദ്രയാനുമായി ഘടിപ്പിക്കുന്ന പ്രവര്‍ത്തികള്‍ ഈമാസം അവസാനം നടക്കും. ഇന്ധനനഷ്ടം ഏറ്റവും കുറവുള്ള സമയമാണ് ജൂലൈ 12 മുതല്‍ 19 വരെയുള്ള ദിവസങ്ങള്‍. എല്ലാ പരീക്ഷണങ്ങളും പൂര്‍ത്തിയാകുമെങ്കില്‍ ഈ സമയത്തുതന്നെ വിക്ഷേപണം നടത്താനാണു നിലവിലെ പദ്ധതിയെന്നും ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ പറയുന്നു. ചന്ദ്രയാന്‍ രണ്ടിലുണ്ടായ പരാജയം ആവര്‍ത്തിക്കാതിരിക്കാന്‍ ചാന്ദ്രയാന്‍ മൂന്നിന്റെ ഘടനയിലും ഹാര്‍ഡ്വേറിലും സോഫ്റ്റ്വേറിലും സെന്‍സറുകളിലും മാറ്റങ്ങള്‍ വരുത്തിയെന്നും എസ്. സോമനാഥ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :