2023ല്‍ അഴിമതി കേസില്‍ ജയിലില്‍, 2024ല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കിംഗ് മേക്കര്‍, ജൂണ്‍ 12 മുതല്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി, ചന്ദ്രബാബു നായിഡുവിന്റെ അവിശ്വസനീയമായ തിരിച്ചുവരവ്

Indian Politics, NDA
അഭിറാം മനോഹർ| Last Modified ശനി, 8 ജൂണ്‍ 2024 (12:15 IST)
Indian Politics, NDA
എന്‍ടി രാമറാവു എന്ന തെലുങ്ക് സിനിമയിലെ അതികായനും ആന്ധ്രാരാഷ്ട്രീയത്തിലെ കരുത്തനുമായ നേതാവിന്റെ മരുമകന്‍ എന്ന നിലയിലാണ് ടിഡിപി എന്ന തെലുങ്ക് ദേശം പാര്‍ട്ടിയുടെ അമരത്തേക്ക് ഉയരുന്നത്. എന്‍ ടി രാമറാവു സജീവമായുണ്ടായിരുന്ന കാലഘട്ടത്തില്‍ തന്റെ 45മത് വയസില്‍ 1995ലാണ് ചന്ദ്രബാബു നായിഡു ആദ്യമായി ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രി പദത്തിലെത്തുന്നത്. 1999ല്‍ രണ്ടാം തവണയും പാര്‍ട്ടിയെ വിജയത്തിലെത്തിക്കാന്‍ ചന്ദ്രബാബു നായിഡുവുനായി.പാര്‍ലമെന്റ് തിരെഞ്ഞെടുപ്പിലും ഈ സമയം നേട്ടമുണ്ടാകാന്‍ ചന്ദ്രബാബുവിനായി. ഇതോടെ അന്ന് ബിജെപിയുടെ സഖ്യലക്ഷികളില്‍ ഏറ്റവും വലിയ സഖ്യകക്ഷിയായി ടിഡിപി വളര്‍ന്നു.

ഈ കാലഘട്ടത്തില്‍ ഐടി മേഖലയിലടക്കം ആന്ധ്രാപ്രദേശില്‍ ചന്ദ്രബാബു കൊണ്ടുവന്ന പരിഷ്‌കാരങ്ങളാണ് ഹൈദരാബാദിനെ ഒരു ഐടി ഹബ്ബാക്കി മാറ്റിയത്. പാര്‍ലമെന്റ് രാഷ്ട്രീയത്തിലും ഈ കാലഘട്ടത്തില്‍ ശക്തമായ സന്നിധ്യമായിരുന്നു ചന്ദ്രബാബു നായിഡു. 2004ലെ സംസ്ഥാന തിരെഞ്ഞെടുപ്പില്‍ തോറ്റതോടെ പ്രതിപക്ഷ സ്ഥാനത്തായി ചന്ദ്രബാബു നായിഡു. പിന്നീട് 2014ലാണ് സംസ്ഥാനത്ത് ടിഡിപി അധികാരം തിരിച്ചുപിടിച്ചത്. 2015ല്‍ വോട്ടിന് പണം നല്‍കിയെന്ന ആരോപണത്തില്‍ ചന്ദ്രബാബു നായിഡുവിന്റെ പേരും ഉള്‍പ്പെട്ടു. തെലങ്കാന- ആന്ധ്രാപ്രദേശ് വിഭജന സമയത്ത് ആന്ധ്രാപ്രദേശിന് നല്‍കിയ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്‍ന്ന് ബിജെപി സഖ്യകക്ഷിയായിരുന്ന ചന്ദ്രബാബു നായിഡു 2018ല്‍ എന്‍ഡിഎ സഖ്യത്തില്‍ നിന്നും പുറത്തുപോയി.

2019ലെ നിയമസഭാ തിരെഞ്ഞെടുപ്പില്‍ വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡീയുടെ നേതൃത്വത്തിലുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയതോടെ ചന്ദ്രബാബു നായിഡുവിന്റെ പതനവും തുടങ്ങി. 2023ല്‍ പൊതുഫണ്ട് ദുരുപയോഗം ചെയ്ത കേസില്‍ മുന്‍ മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്യുകയും അദ്ദേഹത്തെ 14 ദിവസം കസ്റ്റഡിയില്‍ വിടുകയും ചെയ്തു. 2023ല്‍
രാഷ്ട്രീയ ജീവിതത്തിന് തന്നെ അവസാനമായി എന്ന് കരുതിയിരുന്ന ഇടത്ത് നിന്ന് 2024ലെ നിയമസഭ- ലോകസഭാ തിരെഞ്ഞെടുപ്പുകള്‍ അവസാനിക്കുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കിംഗ് മേക്കര്‍ എന്ന സ്ഥാനത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ് ചന്ദ്രബാബു ബായിഡു.
Chandrababu naidu
Chandrababu naidu

പവന്‍ കല്യാണ്‍ നേതാവായ ജനസേന പാര്‍ട്ടിയുമായി കൂട്ടുക്കെട്ട് ഉണ്ടാക്കിയ ചന്ദ്രബാബു നായിഡു ആന്ധ്രയിലെ 175 നിയമസഭാ സീറ്റുകളില്‍ 135 സീറ്റുകളും സ്വന്തമാക്കി. സഖ്യകക്ഷിയായ ജനസേന പാര്‍ട്ടി 21 സീറ്റുകളിലും വിജയിച്ചതോടെ മൃഗീയമായ ആധിപത്യത്തോടെയാണ് ആന്ധ്രയില്‍ ടിഡിപി അധികാരത്തില്‍ വന്നത്. ഇതോടെ വീണ്ടും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തേക്കും ചന്ദ്രബാബു നായിഡു എത്തിപ്പെട്ടു. ലോകസഭാ തിരെഞ്ഞെടുപ്പില്‍ മുഖ്യ എതിരാളിയായ ജഗന്‍മോഹനെതിരെ ബിജെപിയെയും ജനസേന പാര്‍ട്ടിയേയും കൂട്ടുപിടിച്ചാണ് ടിഡിപി മത്സരിച്ചത്. ആകെയുള്ള 25 ലോകസഭാ മണ്ഡലങ്ങളില്‍ 16 സീറ്റിലും വിജയിക്കാന്‍ ടിഡിപിക്ക് സാധിച്ചു. ബിജെപി 3 സീറ്റുകളും ജനസേന പാര്‍ട്ടി 2 സീറ്റുകളുമാണ് ആന്ധ്രപ്രദേശില്‍ നിന്നും നേടിയത്. ദേശീയതലത്തില്‍ ബിജെപി 240 സീറ്റുകളില്‍ ഒതുങ്ങിയപ്പോള്‍ 16 സീറ്റുകളുള്ള ടിഡിപിയാണ് ബിജെപിയുടെ ഏറ്റവും വലിയ സഖ്യകക്ഷി. ഇതോടെ ദേശീയ രാഷ്ട്രീയം എങ്ങനെ മുന്നോട്ട് പോകണമെന്ന് തീരുമാനിക്കാനുള്ള പവറാണ് ചന്ദ്രബാബു നായിഡുവിന് കൈവന്നിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :