രേണുക വേണു|
Last Updated:
വെള്ളി, 7 ജൂണ്‍ 2024 (18:32 IST)
NDA Cabinet Formation: എന്‍ഡിഎ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ നീളുന്നു. ഘടകകക്ഷികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് മന്ത്രിസഭാ രൂപീകരണത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ബിജെപിക്ക് സാധിക്കാത്തത്. ഡല്‍ഹിയില്‍ എന്‍ഡിഎ എംപിമാരുടെ യോഗം ഇന്ന് ചേരും. പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 11 നാണ് യോഗം. യോഗത്തില്‍ നരേന്ദ്ര മോദിയെ എന്‍ഡിഎ നേതാവായി തിരഞ്ഞെടുക്കും. എന്‍ഡിഎയുടെ എല്ലാ മുഖ്യമന്ത്രിമാരേയും ഉപമുഖ്യമന്ത്രിമാരേയും ബിജെപി സംസ്ഥാന അധ്യക്ഷന്‍മാരേയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
എന്‍ഡിഎ യോഗത്തിനു ശേഷം മോദിയെ നേതാവായി നിശ്ചയിച്ച കത്ത് രാഷ്ട്രപതിക്ക് കൈമാറും. ജൂണ്‍ ഒന്‍പത് ഞായറാഴ്ച സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് തീരുമാനം. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന, ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ, നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം മന്ത്രിമാര്‍, വകുപ്പുകള്‍ എന്നിവ സംബന്ധിച്ചുള്ള ചര്‍ച്ച ഇപ്പോഴും തുടരുകയാണ്. സ്പീക്കര്‍ സ്ഥാനം വേണമെന്ന നിലപാടില്‍ ടിഡിപി ഉറച്ചുനില്‍ക്കുകയാണ്. മന്ത്രിസഭയില്‍ കൂടുതല്‍ പ്രാമുഖ്യം വേണമെന്നാണ് ജെഡിയുവിന്റെ നിലപാട്. സഖ്യകക്ഷികള്‍ക്ക് ഒരു ക്യാബിനറ്റ് മന്ത്രിസ്ഥാനം എന്ന ബിജെപിയുടെ നിര്‍ദേശം ജെഡിയു തള്ളി. നിര്‍ണായക മന്ത്രി സ്ഥാനങ്ങള്‍ തങ്ങള്‍ക്ക് വേണമെന്ന് ജെഡിയുവിന്റേയും ടിഡിപിയുടേയും നിലപാട്.