അഭിറാം മനോഹർ|
Last Modified വെള്ളി, 25 ജൂണ്‍ 2021 (19:19 IST)
കൊവിഡിന്റെ മൂന്നാം തരംഗം നേരിടാൻ
കേന്ദ്രസർക്കാർ ഇരുപതിനായിരം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് തയ്യാറാക്കുന്നു. കേന്ദ്ര ആരോഗ്യ, ധനകാര്യ മന്ത്രാലയങ്ങള്‍ സംയുക്തമായാണ് പാക്കേജ് തയ്യാറാക്കുന്നത്.
മൂന്നാം തരംഗം ഉണ്ടായാൽ കൊവിഡ് വ്യാപനം തടയുന്നതിനായി പദ്ധതികൾ നടപ്പിലാക്കാനാണ് കേന്ദ്രസർക്കാർ പ്രത്യേക പാക്കേജ് തയ്യാറാക്കുന്നത്. ആശുപത്രി കിടക്കകളുടെയും എണ്ണം കൂട്ടല്‍, മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങല്‍ എന്നിവയ്ക്കായിരിക്കും പാക്കേജിൽ മുൻഗണന. ഗ്രാമീണമേഖലയിൽ സൗകര്യങ്ങൾ വർധിപ്പിക്കുവാനുള്ള പണം പാക്കേജിൽ ഉൾപ്പെടുത്തും.
പരിശോധനകളുടെ എണ്ണം കൂട്ടി വൈറസ് ബാധിതരെ കണ്ടെത്തി ചികിത്സിക്കുക എന്ന രീതി ഫലപ്രദമാണെന്ന് ഒന്നാംതരംഗത്തില്‍ വ്യക്തമായതാണ്. ഈ രീതിയിൽ മൂന്നാം തരംഗം നേരിടാന്‍ കൂടുതല്‍ ലാബുകള്‍ സജ്ജീകരിക്കാനും പാക്കേജില്‍ പണം നീക്കി വയ്ക്കും.കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാല്‍ ഉടന്‍ പാക്കേജ് പ്രഖ്യാപിക്കും എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.