Census 2027 : ഇത്തവണ ഡിജിറ്റൽ, ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

'സെല്‍ഫ് എന്‍യുമെറേഷന്‍' സൗകര്യം ജൂണ്‍ 16 മുതല്‍.

Census, India Census, Census 2027,National News
ജിതിൻരാജ് കെ വി| Last Modified ശനി, 16 മെയ് 2026 (16:42 IST)
സെന്‍സസ് 2027ന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് സ്വന്തം വിവരങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്താനുള്ള 'സെല്‍ഫ് എന്‍യുമെറേഷന്‍' സൗകര്യം ജൂണ്‍ 16 മുതല്‍. സെന്‍സസ് ഉദ്യോഗസ്ഥര്‍ വീടുകളില്‍ എത്തുന്നതിന് മുന്‍പ് തന്നെ പൊതുജനങ്ങള്‍ക്ക് തങ്ങളുടെ ലാപ്‌ടോപ്പോ മൊബൈല്‍ ഫോണോ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ വിവരങ്ങള്‍ സമര്‍പ്പിക്കാം. പൗരന്മാര്‍ക്ക് ലളിതമായി ഈ പ്രക്രിയ പൂര്‍ത്തിയാക്കാനുള്ള ഗൈഡ് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു.

https://se.census.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച ശേഷം ഇവിടെ ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ നിന്ന് സ്വന്തം സംസ്ഥാനം തിരഞ്ഞെടുത്ത് കാപ്ച കോഡ് നല്‍കി ലോഗിന്‍ ചെയ്യാം. മലയാളം ഉള്‍പ്പെടെ 16 ഭാഷകളില്‍ ഈ പോര്‍ട്ടല്‍ ലഭ്യമാണ്.

2. രജിസ്‌ട്രേഷന്‍: കുടുംബനാഥന്റെ പേരും വീട്ടിലെ ഏതെങ്കിലും ഒരു അംഗത്തിന്റെ സജീവമായ മൊബൈല്‍ നമ്പറും നല്‍കണം. ഒരു മൊബൈല്‍ നമ്പര്‍ ഒരു വീടിന് വേണ്ടി മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. വിവരങ്ങള്‍ ലഭിക്കുന്നതിനായി ഇമെയില്‍ ഐഡിയും നല്‍കാം. തുടര്‍ന്ന് മൊബൈലില്‍ വരുന്ന ഒടിപി (OTP) വഴി വിവരങ്ങള്‍ സ്ഥിരീകരിക്കണം.

3. ലൊക്കേഷന്‍ കണ്ടെത്തല്‍: നിങ്ങളുടെ ജില്ല, താലൂക്ക് എന്നിവ തിരഞ്ഞെടുത്ത ശേഷം ഡിജിറ്റല്‍ മാപ്പില്‍ കാണുന്ന ചുവന്ന മാര്‍ക്കര്‍ കൃത്യമായി നിങ്ങളുടെ വീട് നില്‍ക്കുന്ന സ്ഥലത്തേക്ക് മാറ്റി ലൊക്കേഷന്‍ സേവ് ചെയ്യണം. (ഇതിനായി കമ്പ്യൂട്ടറോ ലാപ്‌ടോപ്പോ ഉപയോഗിക്കുന്നതാണ് കൂടുതല്‍ സൗകര്യപ്രദം).

4. ചോദ്യാവലി പൂരിപ്പിക്കല്‍: വീടിന്റെ ഘടന, ലഭ്യമായ സൗകര്യങ്ങള്‍, വീട്ടുപകരണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ലളിതമായ ചോദ്യാവലിക്ക് മറുപടി നല്‍കുക. മിക്ക ചോദ്യങ്ങളും ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാവുന്ന രീതിയിലുള്ളതാണ്. വിവരങ്ങള്‍ അപൂര്‍ണ്ണമാണെങ്കില്‍ സിസ്റ്റം തന്നെ അത് ഓര്‍മ്മിപ്പിക്കും.

5. സബ്മിഷനും 11 അക്ക ഐഡിയും: വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷം ഫൈനല്‍ സബ്മിറ്റ് നല്‍കുക. ഇതോടെ 'H' എന്ന് തുടങ്ങുന്ന ഒരു 11 അക്ക സെല്‍ഫ് എന്‍യുമെറേഷന്‍ ഐഡി (SE ID) സ്‌ക്രീനില്‍ തെളിയും. ഇത് മൊബൈലില്‍ എസ്എംഎസ് ആയും ലഭിക്കും.

സെന്‍സസ് ഉദ്യോഗസ്ഥര്‍ വരുമ്പോള്‍ എന്ത് ചെയ്യണം?

ഓണ്‍ലൈന്‍ വഴി വിവരങ്ങള്‍ സമര്‍പ്പിച്ചവര്‍ പിന്നീട് സെന്‍സസ് ഉദ്യോഗസ്ഥര്‍ (Enumerator) വീടുകളില്‍ എത്തുമ്പോള്‍ ദീര്‍ഘനേരം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടതില്ല. പകരം, വെബ്‌സൈറ്റില്‍ നിന്നും ലഭിച്ച 11 അക്ക SE ID അവര്‍ക്ക് കൈമാറിയാല്‍ മാത്രം മതിയാകും. ഉദ്യോഗസ്ഥര്‍ അവരുടെ മൊബൈല്‍ ആപ്പ് വഴി ഈ ഐഡി ഒത്തുനോക്കി വിവരങ്ങള്‍ സ്ഥിരീകരിക്കുന്നതോടെ നിങ്ങളുടെ സെന്‍സസ് നടപടികള്‍ പൂര്‍ത്തിയാകും.

സമയക്രമം

സെന്‍സസിന്റെ ഒന്നാം ഘട്ടമായ 'ഹൗസ്ലിസ്റ്റിങ് ആന്‍ഡ് ഹൗസിങ് സെന്‍സസ്' (HLO) നടപടികള്‍ ആരംഭിക്കുന്നതിന് 15 ദിവസം മുന്‍പ് വരെ ഈ പോര്‍ട്ടല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കും. ഏകദേശം 15-20 മിനിറ്റിനുള്ളില്‍ ഒരു കുടുംബത്തിന് ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ സാധിക്കും.

രാജ്യത്തെ വിവരശേഖരണം കൂടുതല്‍ സുരക്ഷിതവും വേഗത്തിലുമാക്കാന്‍ ലക്ഷ്യമിട്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ ഡിജിറ്റല്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്. തെറ്റായ വിവരങ്ങള്‍ ഒഴിവാക്കാനും, ജനങ്ങള്‍ക്ക് തങ്ങളുടെ സൗകര്യപ്രദമായ സമയത്ത് വിവരങ്ങള്‍ സമര്‍പ്പിക്കാനും ഈ സംവിധാനം ഏറെ സഹായകരമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :