പഠനം മാത്രം പോര, മാർച്ചിൽ അധ്യയന വർഷം തുടങ്ങരുത്: കർശന നിർദേശവുമായി സിബിഎസ്ഇ

School
അഭിറാം മനോഹർ| Last Modified ഞായര്‍, 19 മാര്‍ച്ച് 2023 (09:12 IST)
ഏപ്രിൽ മാസത്തിന് മുൻപ് തന്നെ പുതിയ അധ്യയന വർഷം തുടങ്ങരുതെന്ന് സ്കൂളുകൾക്ക് കർശന നിർദേശം നൽകി സിബിഎസ്ഇ. കേരളത്തിലടക്കം പല സംസ്ഥാനങ്ങളിലും മാർച്ചിൽ തന്നെ പുതിയ അധ്യയന വർഷം തുടങ്ങുന്ന പശ്ചാത്തലത്തിലാണ് സിബിഎസ്ഇയുടെ കർശന നിർദേശം. മാർച്ചിൽ തന്നെ പുതിയ അധ്യയന വർഷം തുടങ്ങുന്നത് വിദ്യാർഥികൾക്കിടയിൽ സമ്മർദ്ദത്തിനിടയാക്കും. പഠനം മാത്രമല്ല പാഠ്യേതര പ്രവർത്തനങ്ങളും പ്രധാനമാണ് സിബിഎസ്ഇ വ്യക്തമാക്കി.

ചില സ്കൂളുകൾ അവരുടെ അക്കാദമിക് സെഷൻ വളരെ നേരത്തെയാക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട് ഇത് നല്ല പ്രവണതയല്ല. 10.12 ക്ലാസുകൾക്കാണ് ഈ രീതിയിൽ മാർച്ചിൽ തന്നെ അധ്യയന വർഷം ആരംഭിക്കുന്നത്. ഇത് വിദ്യാർതികൾക്ക് പാഠ്യേതര നൈപുണ്യം സ്വന്തമാക്കാനുള്ള മറ്റ് പരിശീലനങ്ങളെ ബാധിക്കുന്നു. സിബിഎസ്ഇ വ്യക്തമാക്കി. പല സ്കൂളുകളും മാർച്ചിൽ തന്നെ ക്ലാസുകൾ തുടങ്ങിയതിൽ പരാതി ഉയർന്നതോടെയാണ് സിബിഎസ്ഇ കർശന നിർദേശവുമായെത്തിയത്. പാഠഭാഗങ്ങൾ വേഗം തീർക്കാനാണ് നടപടിയെന്നാണ് സ്കൂളുകൾ ഇതിൽ വിശദീകരണം നൽകിയിരുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :