രക്ഷിതാക്കളുടെ അറിവോടെ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവരാം; ബാലാവകാശ കമ്മിഷന്‍

കോഴിക്കോട് വടകര സ്വദേശിയായ വിദ്യാര്‍ഥിയുടെ മൊബൈല്‍ ഫോണ്‍ സ്‌കൂള്‍ അധികൃതര്‍ പിടിച്ചെടുത്തതിനെതിരെ പിതാവ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്

രേണുക വേണു| Last Modified ശനി, 7 ജനുവരി 2023 (10:24 IST)

സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതിനു നിരോധനം വേണ്ടെന്നു സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ഉത്തരവ്. ചില പ്രത്യേക ആവശ്യങ്ങള്‍ക്കു രക്ഷിതാക്കളുടെ അറിവോടെ മൊബൈല്‍ കൊണ്ടുവരാം. സ്‌കൂള്‍ സമയം കഴിയുന്നതുവരെ സ്വിച്ച് ഓഫ് ചെയ്തു സൂക്ഷിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ സൗകര്യമൊരുക്കണമെന്നും അധ്യക്ഷന്‍ കെ.വി.മനോജ് കുമാര്‍, ബി.ബബിത, റെനി ആന്റണി എന്നിവര്‍ ഉള്‍പ്പെട്ട ഫുള്‍ ബെഞ്ച് നിര്‍ദേശിച്ചു.

കോഴിക്കോട് വടകര സ്വദേശിയായ വിദ്യാര്‍ഥിയുടെ മൊബൈല്‍ ഫോണ്‍ സ്‌കൂള്‍ അധികൃതര്‍ പിടിച്ചെടുത്തതിനെതിരെ പിതാവ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. കുട്ടികളുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതം ഉണ്ടാക്കുന്ന തരത്തിലുള്ള ദേഹപരിശോധനയും ബാഗ് പരിശോധനയും ഒഴിവാക്കണം. ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍, സമൂഹമാധ്യമങ്ങള്‍ എന്നിവ സുരക്ഷിതമായി ഉപയോഗിക്കാന്‍ പരിശീലനം നല്‍കുന്ന പദ്ധതി വേണം. പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ വിദ്യാര്‍ഥിക്കു തിരികെ നല്‍കാനും ഉത്തരവായി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :