ബിസിനസ് സൗഹൃദ രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് നേട്ടം

ന്യൂഡല്‍ഹി| VISHNU N L| Last Modified ബുധന്‍, 28 ഒക്‌ടോബര്‍ 2015 (19:05 IST)
രാജ്യാന്തര തലത്തില്‍ വ്യാവസായിക സൌഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് നേട്ടം. ലോക ബാങ്ക് പുറത്തുവിട്ട പട്ടികയില്‍ നാല് പോയിന്റ് മുന്നേറി. കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ 134മത്തെ സ്ഥാനത്തായിരുന്നു. പുതുക്കിയ പട്ടിക പ്രകാരം സ്ഥാനം 130 ആയി. രാജ്യത്തെ ബിസിനസ് അന്തരീക്ഷം, വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് തുടങ്ങി നിരവധി ഘടകങ്ങള്‍ പരിശോധിച്ചതിനു ശേഷമാണ് പട്ടികയില്‍ റാങ്ക് നല്‍കുന്നത്.

സംരംഭം തുടങ്ങുന്നതിന് വിവിധ മേഖലകളില്‍ നിലനിന്നിരുന്ന നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കിയതാണ് ഇന്ത്യയുടെ റാങ്കിങ്ങ് മെച്ചപ്പെടാന്‍ കാരണമായത്. മൊത്തം സമ്പദ് വ്യവസ്ഥയുടെ പ്രകടനത്തില്‍ 2004ന് ശേഷം തെക്കനേഷ്യയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്ന രാജ്യം ഇന്ത്യയാണെന്നും ലോക ബാങ്ക് പറയുന്നു. ഇന്ത്യയുടെ പ്രകടനം അഭിനന്ദനാര്‍ഹമാണെന്നും സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ ഫലപ്രദമാകുകയാണെങ്കില്‍ ഇനിയും റാങ്കിങ്ങ് മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നും ലോക ബാങ്ക് വ്യക്തമാക്കി.

ഇന്ത്യ നില മെച്ചപ്പെടുത്തിയപ്പോള്‍ അയല്‍ രാജ്യമായ പാകിസ്ഥാന്‍ പത്ത് സ്ഥാനം പിറകോട്ട് പോയി 138ല്‍ എത്തി. ചൈന ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 84ലാണ് ഇപ്പോള്‍ . സിംഗപ്പൂരാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. പുതിയ രീതി അനുസരിച്ചാണ് ഇത്തവണ ലോക ബാങ്ക് ഇത്തവണ പട്ടിക തയ്യാറാക്കിയത്.
അതേസമയം നിര്‍മ്മാണമടക്കമുള്ള മേഖലകളില്‍ കരാര്‍ നല്‍കല്‍, നികുതി അടയ്ക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഇന്ത്യ പിന്നോക്കം പോയതായും റിപ്പോര്‍ട്ടിലുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :