ന്യൂഡല്‍ഹി|
jibin|
Last Modified ബുധന്‍, 28 ഒക്‌ടോബര്‍ 2015 (10:04 IST)
ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കാന്‍ പാകിസ്ഥാന്‍ ഭീകരര്‍ക്ക് പരിശീലനം നല്‍കിയിരുന്നതായി മുന്‍ പാക് പ്രസിഡൻറ് പര്‍വേസ് മുഷറഫ്. കൊടും ഭീകരന്‍മാര ഉസാമ ബിന്‍ലാദനും സവാഹിരിയും താലിബാനും ഒരു കാലത്ത് പാകിസ്ഥാന്റെ ഹീറോകളായിരുന്നു. ഇന്ത്യക്കെതിരെ നീങ്ങനാണ് ഇവരെ വളര്‍ത്തിക്കൊണ്ടുവന്നതെന്നും മുഷറഫ് പറഞ്ഞു.
ബിന്‍ലാദനെയും സവാഹിരിയേയും ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കാന്‍ വളര്‍ത്തിയെടുക്കുകയായിരുന്നു. ഇരുവര്‍ക്കും പാകിസ്ഥാന്‍ പരിശീലനവും പണവും നല്‍കി. താലിബാന്‍ പ്രവര്‍ത്തനം സജീവമാക്കാന്‍ ആവശ്യമായതെല്ലാം പാക് സര്‍ക്കാര്‍ നല്‍കി. എന്നാല്‍ കാലന്തരത്തില്‍ ഇവര്‍ പാകിസ്ഥാന് തന്നെ വെല്ലുവിളിയായി തീര്‍ന്നുവെന്നും മുഷറഫ് വ്യക്തമാക്കി.
ഹാഫീസ് സെയ്ദ്, സഖീയുര്‍ റഹ്മാന്‍ ലഖ്‌വി എന്നിവര്‍ പാകിസ്ഥാന്റെ തിളക്കമുള്ള താരങ്ങളായിരുന്നു.
ഇന്ത്യ കയ്യടക്കിവെച്ചിരിക്കുന്ന കാശ്‌മീരിന്റെ മോചനത്തിനായി 1990കളിൽ ലഷ്കർ ഇ ത്വയ്ബയടക്കം 12ഓളം ഭീകരസംഘടനകളെ രൂപപ്പെടുത്തിയെടുത്തതും പാക് സര്‍ക്കാരാണ്. കാശ്‌മീരിനായി ജീവന്‍ കളയാന്‍ തയാറായ ഇവര്‍ക്കായി സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കിയെന്നും മുഷറഫ് പറഞ്ഞു.
1979ല്‍ പാകിസ്ഥാന്‍ മതതീവ്രവാദത്തിന് അനുകൂലമായിരുന്നു. മതതീവ്രവാദത്തിന് തുടക്കം കുറിച്ചത് പാകിസ്താനാണ്. സോവിയറ്റ് യൂണിയനെതിരെ പോരാടുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള തീവ്രവാദികളെ കൊണ്ടുവന്നിരുന്നു. താലിബാന് പരിശീലനം നല്‍കുകയും റഷ്യക്കെതിരെ പോരാടാന്‍ അവരെ അയക്കുകയും ചെയ്തിരുന്നുവെന്നും അഭിമുഖത്തിൽ മുഷറഫ് വ്യക്തമാക്കി. ഒരു പാക് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുന്‍ പാക് പ്രസിഡൻറ് നയം വ്യക്തമാക്കിയത്.