ഭോപ്പാല്‍|
VISHNU N L|
Last Modified ചൊവ്വ, 27 ഒക്‌ടോബര്‍ 2015 (19:09 IST)
പാകിസ്ഥാനില്‍ അകപ്പെട്ട ഇന്ത്യന്‍ പെണ്‍കുട്ടി ഗീതയെ പാക് അധികൃതര്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്നതിനു പിന്നാലെ റംസാന്‍ എന്ന പാക് ബാലനെ കേന്ദ്രസര്‍ക്കാര്‍ പാകിസ്ഥാനിലെ മാതാപിതാക്കള്‍ക്ക് തിരികെ അയയ്ക്കാന്‍ ഒരുങ്ങുന്നു. റംസാനെ കറാച്ചിയിലുള്ള മാതാവ് നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. ബാലനെ തിരികെ അയക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.
റംസാനെ സംരക്ഷിക്കുന്ന ഭോപ്പാല്‍ ചൈല്‍ഡ് ലൈനുമായി പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം ചര്‍ച്ച ചെയ്തതായാണ് വിവരം. 10 വര്‍ഷം മുമ്പ് റംസാന്റെ മാതാവിനെ ഉപേക്ഷിച്ച് പിതാവ്
ബംഗ്ലാദേശിലേക്ക് പോവുകയായിരുന്നു. ഒപ്പം ബാലനേയും കൂടെ കൂട്ടിയിരുന്നു. എന്നാല്‍ ബംഗ്ലാദേശില്‍ നിന്ന് രണ്ടാനമ്മയുടെ പീഡനങ്ങള്‍ സഹിക്കാനകാതെ പാകിസ്ഥാനിലേക്ക് പോകാനായി 2011 ല്‍ ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തി കടന്ന റംസാന്‍ പിന്നീട് ഇന്ത്യയില്‍ അകപ്പെടുകയായിരുന്നു.
നിരവധി സംസ്ഥാനങ്ങളിലൂടെ അലഞ്ഞുതിരിഞ്ഞു നടന്ന റംസാനെ ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പോലീസുകാര്‍ റംസാനെ സാമൂഹ്യക്ഷേമവകുപ്പിന്റെ ഭവനത്തിലാക്കി. പാകിസ്ഥാനിയാണെന്ന് തിരിച്ചറിഞ്ഞതിനേ തുടര്‍ന്ന് ഭോപ്പാലിലെ ചൈല്‍ഡ് ലൈന്‍ഡയറക്ടര്‍ അര്‍ച്ചന സഹായി വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചെങ്കിലും രേഖകള്‍ ഇല്ലാതിരുന്നതിനാല്‍ ബാലനെ മാതാവിന്റെ അടുക്കലെത്തിക്കാനുള്ള വഴികള്‍ അടയുകയായിരുന്നു.
ഭോപ്പാലിലെ ഒരു ചാര്‍ട്ടേഡ് അക്കൗണ്ട് വിദ്യാര്‍ഥി തന്റെ ഫേസ് ബുക്കിലൂടെ റംസാന്റെ ചിത്രം പങ്കുവെച്ചതോടെയാണ് കറാച്ചിയിലെ ബന്ധുക്കള്‍ റംസാനെ തിരിച്ചറിഞ്ഞത്. ഇതോടെ മകനെ തിരികെ നല്‍കണമെന്ന് കാണിച്ച് മാതാവ് അഭ്യര്‍ഥിക്കുന്ന വീഡിയോ ഇന്റെര്‍നെറ്റില്‍ പ്രചരിച്ചെങ്കിലും ഫലമുണ്ടായില്ല. അപ്പോഴാണ് ബജ്‌റംഗി ഭായ്ജാന്‍ എന്ന സിനിമ തരംഗമാകുന്നതും ഗീതയുടെ വിഷയം ഉയര്‍ന്ന് വരുന്നതും.
ഗീതയെ ഇന്ത്യയിലേക്ക് എത്തിക്കാന്‍ പാക് സര്‍ക്കാര്‍ നല്‍കിയ സഹായങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ് റംസാന്റെ കാര്യത്തില്‍ അപ്രതീക്ഷിതമായി ഇടപെടുകയായിരുന്നു. ഭോപ്പാല്‍ ചൈല്‍ഡ് ലൈന്‍ അധികൃതരുമായി തിങ്കളാഴ്ച പ്രധാനമന്ത്രിയുടെ ഓഫീസ് ബന്ധപ്പെട്ടിരുന്നു. അടുത്തുതന്നെ റംസാന് കറാച്ചിയിലെ മാതാപിതാക്കളുടെ അടുത്തെത്താനാകുമെന്നാണ് പ്രതീക്ഷ.