കോവിഡ് പ്രതിരോധത്തില്‍ കേരള മോഡല്‍ പരാജയം; ട്വിറ്ററില്‍ ഹാഷ് ടാഗ് ട്രെന്‍ഡിങ് ആക്കി ബിജെപി

രേണുക വേണു| Last Modified തിങ്കള്‍, 19 ജൂലൈ 2021 (16:17 IST)
കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സമ്പൂര്‍ണ പരാജയമെന്ന് ബിജെപി. #CovidKeralaModelFailed എന്ന ഹാഷ് ടാഗ് ബിജെപി വ്യാപകമായി പ്രചരിപ്പിക്കുന്നു. കഴിഞ്ഞ 12 മണിക്കൂറിനിടെയാണ് ഈ ഹാഷ് ടാഗ് ചേര്‍ത്തുകൊണ്ട് കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പരാജയമാണെന്ന് ബിജെപി ആരോപിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍ തുടങ്ങിയവര്‍ ഈ ഹാഷ് ടാഗ് ഉപയോഗിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ബിജെപി കേന്ദ്ര നേതാക്കളും കേരളത്തിനെതിരെ ട്വിറ്ററില്‍ രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്ത് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ മൂന്നില്‍ ഒന്ന് കേരളത്തില്‍ നിന്നാണ്. പ്രതിദിനം പതിനായിരത്തിലേറെ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്ടീവ് കേസുകള്‍ ഏറ്റവും കൂടുതല്‍ ഉള്ള സംസ്ഥാനം എന്നിങ്ങനെയുള്ള വിശേഷണങ്ങളാണ് ഈ ട്വീറ്റുകളില്‍ ഭൂരിഭാഗവും. ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് ഇളവുകള്‍ അനുവദിച്ചതിനെയും ഈ ട്വീറ്റുകളില്‍ വിമര്‍ശിച്ചിട്ടുണ്ട്. #CovidKeralaModelFailed എന്ന ഹാഷ് ടാഗില്‍ ഇതുവരെ 40,000 ത്തിലേറെ ട്വീറ്റുകള്‍ വന്നുകഴിഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :