വിവാദ തീവ്രവാദ വിരുദ്ധ ബില്‍ ഗുജറാത്ത് നിയമസഭ വീണ്ടും പാസാക്കി

ന്യൂഡല്‍ഹി| VISHNU N L| Last Modified ചൊവ്വ, 31 മാര്‍ച്ച് 2015 (19:25 IST)
ഏറെ വിവാദം സൃഷ്ടിച്ച തീവ്രവാദ വിരുദ്ധ ബില്‍ വീണ്ടും പാസാക്കി. ഭീകരവാദത്തിനും ആസൂത്രിത കുറ്റകൃത്യങ്ങള്‍ക്കുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുവാന്‍ ശുപാര്‍ശ ചെയ്യുന്ന ബില്ലാണിത്. മുന്‍ രാഷ്ട്രപതിമാരായ എ.പി.ജെ. അബ്ദുല്‍ കലാമും പ്രതിഭാ പാട്ടീലും മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ തള്ളിക്കളഞ്ഞ ബില്ലാണ് കേന്ദ്രത്തില്‍ മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ പാസാക്കിയിരിക്കുന്നത്.

ഈ ബില്‍ നിയമമായാല്‍ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്താനും കോടതിയില്‍ തെളിവായി സമര്‍പ്പിക്കാനും സാധിക്കും. നിലവില്‍ പ്രതികളെ 15 ദിവസം കസ്റ്റഡിയില്‍ വയ്ക്കാനാണ് പൊലീസിന് അനുമതിയുള്ളതെങ്കില്‍ പുതിയ നിയമപ്രകാരം അത് 30 ദിവസമാണ്. കുറ്റപത്രം സമര്‍പ്പിക്കാനുള്ള സമയപരിധി 90 ദിവസം എന്നുള്ളത് 180 ദിവസമാവുകയും ചെയ്യും. മാത്രമല്ല, ഉന്നത പൊലീസുദ്യോഗസ്ഥരുടെ മുന്‍പില്‍ നടത്തുന്ന കുറ്റസമ്മതം കോടതി തെളിവായി സ്വീകരിക്കാനും ഈ ബില്‍ വ്യവസ്ഥ ചെയ്യുന്നു.

രണ്ട് രാഷ്ട്രപതിമാര്‍ മടക്കിയതിനാല്‍ ബില്ലിന്റെ പേര്‍ മാറ്റിയാണ് പാസാക്കിയിരിക്കുന്നത്. 2004ല്‍ നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്താണ് ആദ്യമായി ഈ ബില്‍ കേന്ദ്രത്തിന്റെ പരിഗണനയ്ക്ക് അയക്കുന്നത്. അന്ന് അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരാണ് കേന്ദ്രം ഭരിച്ചിരുന്നതെങ്കിലും ബില്ലില്‍ കാതലായ മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെട്ടു തിരിച്ചയയ്ക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യകക്ഷി സര്‍ക്കാരുകളും ഈ ബില്ലിന് അനുമതി നല്‍കാന്‍ തയ്യാറായിരുന്നില്ല.

12 വര്‍ഷത്തിനിടെ ഇത് നാലം തവണയാണ് ഈ ബില്‍ നിയമസഭ പാസാക്കുന്നത്. എന്നാല്‍, കേന്ദ്ര തലത്തില്‍ നിലനില്‍ക്കുന്ന നിയമത്തിന് വിരുദ്ധമായി ബില്‍ പാസാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. രണ്ട് രാഷ്ട്രപതിമാര്‍ ഈ ബില്‍ തിരിച്ചയച്ചതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ബില്ല് പാസക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സഭ ബഹിഷ്കരിച്ചിരുന്നു.

ഭീകരവാദത്തെ നേരിടുന്നതിന് നമുക്ക് ഇത്തരം നിയമങ്ങള്‍ ആവശ്യമാണ്. ഇനിമുതല്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തികളില്‍
ഏര്‍പ്പെടുന്നവര്‍ ലളിതമായി ജാമ്യം നേടി പുറത്ത് വരുന്നില്ല എന്നുറപ്പാക്കാന്‍ ഈ നിയമം വഴി സാധിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വക്താവ് നിതിന്‍ പട്ടേല്‍ അവകാശപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :