അര്‍ബുദത്തിന് പുതിയ മരുന്ന് കണ്ടെത്തി; ചാണകവും ഗോമൂത്രവും...!

ന്യൂഡല്‍ഹി| VISHNU N L| Last Modified ശനി, 21 മാര്‍ച്ച് 2015 (12:37 IST)
ഗോവധ നിരോധനമെന്നത് ബിജെപിയുടെയും സംഘപരിവാറിന്റെയും പ്രഖ്യാപിത ലക്ഷ്യങ്ങളാണ്. അതിന് പതിനെട്ടടവുകള്‍ പയറ്റുന്നതിന്റെ കൂട്ടത്തില്‍ അല്‍പ്പം ആരോഗ്യശാസ്ത്രവും പ്രയോഗിക്കാന്‍ ബിജെപിക്കാര്‍ മടിക്കാറില്ല. പശുക്കളെ കൊല്ലുന്നതിന് നിരോധനം ഏര്‍പ്പെടുത്താനുള്ള ബിജെപി നീക്കത്തിന് ബലം നല്‍കാനായി ബിജെപി ‌എം‌പി എന്‍ ശങ്കര്‍ ഭായി ഉയര്‍ത്തിയ വാദം കേട്ട് ഒന്നടങ്കം അദ്ദേഹത്തെ വീക്ഷിച്ചു, ഏതാണീ ഭിഷഗ്വരന്‍ എന്ന അര്‍ഥത്തില്‍.

ചാണകവും ഗോമൂത്രവും അര്‍ബുദത്തെ പൂര്‍ണമായും പ്രതിരോധിക്കുമെന്നാണ് ശങ്കര്‍ ഭായ് കണ്ടെത്തിയിരിക്കുന്നത്. ഗോമൂത്രവും ചാണകവും മികച്ച ഔഷധമാണ്. അര്‍ബുദത്തെ പൂര്‍ണമായും ചെറുക്കാനുള്ള ഔഷധ വീര്യം ഇവയ്ക്കുണ്ട്. മനുഷ്യന്റെ ജീവന്‍ രക്ഷിക്കാന്‍ പശുക്കളെ കൊല്ലാതിരിക്കണം. പശുക്കള്‍ ഗോ മാതാക്കളായാണ് വേദാന്തങ്ങളില്‍ പരാമര്‍ശിക്കുന്നത്. അതുകൊണ്ടുതന്നെ ഗോമാതാക്കളെ കൊലപ്പെടുത്തുന്നത് ഭാരതത്തിന്റെ തകര്‍ച്ചയ്ക്ക് വഴിവെക്കും അദ്ദേഹം പറഞ്ഞു. ഗോവധം ഇന്ത്യയ്ക്ക് വന്‍ അപമാനമാണ്. അത് നിരോധിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഏതായാലും പുതിയ അര്‍ബുദ മരുന്ന് കണ്ടെത്തിയ ശങ്കര്‍ഭായ് സംഘപരിവാറിന് പ്രിയങ്കരനാകുമെന്നതില്‍ ഇനി സംശയമേയില്ല. അടുത്തിടെ മഹാരാഷ്ടയിലും ഹരിയാനയിലും ബിജെപി സര്‍ക്കാര്‍ ഗോവധ നിരോധനം നടപ്പിലാക്കിയിരുന്നു. ഗുജറാത്ത്, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, കശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ നേരത്തേ മുതല്‍ നിരോധനം കൊണ്ടുവന്നിരുന്നു. അതേസമയം ജനങ്ങള്‍ കഴിച്ചുകൊണ്ടിരിക്കുന്ന ഭക്ഷണം മതത്തിന്റെ പേരില്‍ നിരോധിക്കുന്നത് ഫാസിസമാണെന്ന് ആരോപിച്ചുകൊണ്ട് ഇടതുകക്ഷികള്‍ രംഗത്തെത്തിയിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :