നാവടക്ക്, പണിയെടുക്ക്, കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് അമിത്ഷായുടെ താക്കീത്

ന്യൂഡല്‍ഹി| VISHNU N L| Last Modified വ്യാഴം, 26 മാര്‍ച്ച് 2015 (13:46 IST)
ഹരിയാനയിലേപോലെ അധികാരം പിടിക്കാനൊന്നും കേരളത്തിലെ പാര്‍ട്ടിക്ക് കെല്‍പ്പില്ലെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് നന്നായറിയാം. എന്നാല്‍ ആഞ്ഞ് പിടിച്ചാല്‍ അഞ്ച് നിയമസഭാ സീറ്റെങ്കിലും കൈയ്യിലാക്കമെന്ന് ആത്മവിശ്വാസവും ഉണ്ട്. അതിനാല്‍ ശൂന്യതയില്‍ നിന്ന് അത്ഭുതം സൃഷ്ടിക്കണമെന്നാണ് ബിജെപി സംസ്ഥാനനേതൃത്വത്തിന് ദേശീയ അധൃക്ഷന്‍ അമിത് ഷായുടെ നിര്‍ദേശം.ജമ്മു കശ്മീരില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കാനാകുമെങ്കില്‍ എന്തു കൊണ്ട് ബിജെപിക്ക് കേരളത്തില്‍ അതിന് കഴിയില്ലെന്ന് അമിത് ഷാ ചോദിക്കുന്നത്.

അടുത്ത ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ രൂപ രേഖ തയ്യാറാക്കാനായി ഡല്‍ഹിയില്‍
വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് അമിത് ഷാ കേരളഘടത്തോട് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സംസ്ഥാനത്തെ ആര്‍ എസ് എസ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാനും ആര്‍ എസ് എസ് നിര്‍ദ്ദേശം അനുസരിച്ച് പ്രവര്‍ത്തിക്കാനുമാണ് നേതാക്കള്‍ക്ക് അമിത് ഷാ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.സംസ്ഥാന അധ്യക്ഷന്‍ വി മുരുളീധരന്‍ ഉള്‍പ്പെടെയുളള നേതാക്കള്‍ പങ്കെടുത്തു.

കേരളത്തിലെ ആര്‍എസ്എസ് നേതൃത്വത്തിനാകും എല്ലാത്തിന്റേയും ചുമതല. ആര്‍എസ്എസ് പിന്തുണയില്ലാതെ ഒന്നും നടക്കില്ല. അതിനാല്‍ വിഭാഗിയ വിട്ട് ഒന്നിക്കുക. ആര്‍എസ്എസ് പറയുന്നതു പോലെ പ്രവര്‍ത്തിക്കുക. അതിലൂടെ തന്നെ ലക്ഷ്യം കേരളത്തില്‍ കൈവരിക്കാം. അമിത് ഷാ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശമാണിത്. അതേസമയം മുരളീധരനും കൃഷ്ണദാസിനും അമിത് ഷായുടെ രൂക്ഷ വിമര്‍ശനം നേരിടേണ്ടിവന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇരുവരും തമ്മിലുള്ള ഭിപ്രായ ഭിന്നതകള്‍, മുരളീധരനുമായുള്ള സംസ്ഥാനത്തെ ആര്‍ എസ് എസ് എതിര്‍പ്പ് എന്നിവയാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്.

പാര്‍ട്ടിക്ക് ഇത് വരെ കടന്ന് ചെല്ലാന്‍ കഴിയാത്ത എല്ലായിടത്തും അടുത്ത ഒരു വര്‍ഷത്തിനകം ബൂത്ത് കമ്മറ്റികള്‍ക്ക് രൂപം നല്‍കണം. തദ്ദേശഭരണ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നോടിയായി കേന്ദ്രമന്ത്രിമാര്‍ കേരളത്തില്‍ നിരന്തരം പര്യടനം നടത്തും. അഞ്ച് നിയമസഭാ സീറ്റുകളില്‍ വലിയ സാധ്യതയുണ്ട്. അവിടെ ജയിച്ചേ മതിയാകൂ.നേമം, തിരുവനന്തപുരം, കാസര്‍ഗോഡ്, മഞ്ചേശ്വരം, പാലക്കാട് എന്നീ നിയമസഭകളിലേക്കാണ് ബിജെപി കണ്ണെറിയുന്നത്. സര്‍വ്വ സമ്മതര്‍ തന്നെ ഇവിടെങ്ങളില്‍ സ്ഥാനാര്‍ത്ഥിയാകണം. വട്ടിയൂര്‍ക്കാവിലും കാട്ടക്കടയിലും പത്തനംതിട്ടയിലും കോഴിക്കോട്ടേയും തൃശൂരിലേയും ചില മണ്ഡലങ്ങളിലും കരുത്ത് കാട്ടാമെന്നും അമിത് ഷാ പറഞ്ഞു.

അരുവിക്കര മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കനുസരിച്ച് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനും ധാരണയായി.മുഴുവന്‍ സംഘടനാ ശേഷിയും നെയ്യാറ്റിന്‍കരയ്ക്ക് സമാനമായി അരുവിക്കരയില്‍ എത്തണം. ഇവിടെ കരുത്ത് കാട്ടിയാല്‍ തദ്ദേശ ഭരണ- നിയമസഭ തെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാകാമെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തിയാല്‍ കേന്ദ്ര മന്ത്രിസഭയില്‍ കേരളത്തിന് പ്രാതിനിധ്യം നല്‍കുന്നത് പരിഗണിക്കാമെന്നും അമിത് ഷാ ഉറപ്പ് നല്‍കിയതായാണ് സൂചന.

നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ 18 മണ്ഡലങ്ങളുടെ മേല്‍ നോട്ടം ആര്‍എസ്എസ് ഏറ്റെടുക്കും. നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, കോവളം, നെയ്യാറ്റിന്‍കര, പാറശാല, ആറന്മുള, അടൂര്‍, കാഞ്ഞിരപ്പള്ളി, കുന്നമംഗലം, മലമ്പുഴ, പാലക്കാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, കോങ്ങാട്, കാസര്‍കോട്, മഞ്ചേശ്വരം എന്നിവയാണ്. ബിജെപി നേതൃത്വം ആര്‍.എസ്.എസിനെ ഏല്‍പ്പിച്ച 18 മണ്ഡലങ്ങള്‍. ഇവിടങ്ങളിലേക്ക് മണ്ഡലങ്ങളിലേക്ക് ഉചിതരായ സ്ഥാനാര്‍ത്ഥികളെ ആര്‍എസ്എസുമായി ആലോചിച്ച് മെയ്‌ മാസത്തോടെ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാനും അമിത് ഷാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇനിമുതല്‍ കേരളത്തിലെ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ പൂര്‍ണമായും നിയന്ത്രിക്കുക ആര്‍എസ്എസ് ആയിരിക്കും. അനുയോജ്യരായ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തി നേരത്തെ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ നടത്താനും നിര്‍ദ്ദേശമുണ്ട്. ലേക് സഭ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്‌ച്ചവച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് അവസരം നല്‍കുമെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :