കുറെ വർഷങ്ങളായുള്ള ആഗ്രഹം, തമിഴ്‌നാട് തിരെഞ്ഞെടുപ്പിൽ അണ്ണാഡിഎംകെ സീറ്റിൽ മത്സരിക്കാനൊരുങ്ങി നടി ഗൗതമി
തമിഴ്നാട് നിയമസഭാ തിരെഞ്ഞെടുപ്പില്‍ രാജാപാളയം മണ്ഡലത്തില്‍ നിന്ന് എഐഎഡിഎംകെ ടിക്കറ്റില്‍ മത്സരിക്കാനൊരുങ്ങി നടി ഗൗതമി. കുറെ വര്‍ഷമായി രാജാപാളയത്ത് പാര്‍ട്ടിയ്ക്കായി മത്സരിക്കാന്‍ ആഗ്രഹിക്കുന്നതായും ഇക്കാര്യം പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമിയെ അറിയിച്ചിട്ടുണ്ടെന്നും ഗൗതമി ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ബിജെപിയിലായിരുന്ന ഗൗതമി തന്റെ സ്വത്ത് തട്ടിയെടുത്തയാളെ പാര്‍ട്ടി സംരക്ഷിക്കാന്‍ ശ്രമിച്ചതായി ആരോപിച്ച് കഴിഞ്ഞ വര്‍ഷം അണ്ണാഡിഎംകെയില്‍ ചേര്‍ന്നിരുന്നു. നിലവില്‍ അണ്ണാഡിഎംകെയുടെ പ്രചാരണവിഭാഗത്തിന്റെ ചുമതല താരത്തിനാണ്.
അതേസമയം തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി ഡിഎംകെ സര്‍ക്കാരിനെതിരെ കഴിഞ്ഞ ദിവസം ഗൗതമി രംഗത്ത് വന്നിരുന്നു. ദി ഫെഡറലിന് നല്‍കിയ അഭിമുഖത്തില്‍ തമിഴ്നാട്ടില്‍ കുറ്റകൃത്യങ്ങളും ജീവിതചിലവും ഉയര്‍ന്നെന്നും ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചതായും ഗൗതമി പറഞ്ഞു.
