ഇറാഖില്‍നിന്ന് 40 ഇന്ത്യക്കാ‍രെ തിരികെയെത്തിക്കും

ന്യൂഡല്‍ഹി| Last Updated: തിങ്കള്‍, 30 ജൂണ്‍ 2014 (10:01 IST)
ഇറാഖില്‍‌നിന്ന് 40 ഇന്ത്യക്കാരെ നാളെ തിരികെയെത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. മൊസൂളില്‍ തീവ്രവാദികളുടെ കൈയില്‍ കുടുങ്ങിയ 39 ഇന്ത്യക്കാരുടെ മോചനത്തിന് സാധ്യതകള്‍ തേടുകയാണെന്നും കേന്ദ്ര വിദേശകാര്യ വക്താവ് സെയിദ് അക്ബറുദീന്‍ വ്യക്തമാക്കി.

ഇറാഖിലെ ഇന്ത്യക്കാരുടെ മോചനത്തിന് സാധ്യതകള്‍ തേടി ഗള്‍ഫ് രാജ്യങ്ങളിലെ അംബാസഡര്‍മാരുമായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നടത്തിയ ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു വക്താവ്. കുവൈറ്റ്, സൌദി അറേബ്യ, ഖത്തര്‍, ബഹ്റൈന്‍, ഒമാന്‍, യുഎഇ എന്നിവിടങ്ങളിലെ സ്ഥാനപതിമാരുമായാണ് സുഷമ സ്വരാജ് ചര്‍ച്ച നടത്തിയത്.

ബന്ദികളുടെ സുരക്ഷയ്ക്കായി 26 നയതന്ത്ര ഉദ്യോഗസ്ഥരെക്കൂടി ഇറാഖിലേക്ക് അയയ്ക്കും. കലാപമേഖലയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി നഴ്സുമാര്‍ സുരക്ഷിതരാണ്. ഇവരുടെ ആവശ്യത്തിനായി പണമെത്തിക്കുന്നത് സര്‍ക്കാര്‍ പരിഗണിച്ചു വരികയാണ്. കലാപ മേഖലയില്‍നിന്ന് ഇന്ത്യക്കാരെ സുരക്ഷാ മേഖലയിലേക്കു മാറ്റുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ജഫ്, കര്‍ബല, ബസ്ര എന്നീ സ്ഥലങ്ങളില്‍ മൂന്നു ക്യാമ്പ് ഓഫീസുകള്‍ തുറന്നു. ഇറാഖിലെ ഇന്ത്യക്കാരുടെ സഹായത്തിനായി ബാഗ്ദാദില്‍ രണ്ടു മൊബൈല്‍ യൂണിറ്റുകള്‍ സ്ഥാപിച്ചിട്ടുമുണ്ട്. രക്ഷാപ്രവര്‍ത്തത്തിനായി പ്രത്യേക ഫണ്ട് രൂപീകരിച്ചിട്ടുണ്ട്. ബന്ദികളുടെ മോചത്തിനായി നിബന്ധകളൊന്നും തീവ്രവാദികള്‍ ഇതുവരെ മുന്നോട്ടുവച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :