ഏകദേശം 125 കോടി രൂപയുടെ അഴിമതി നടത്തിയെന്ന കേസില്‍ പശ്ചിമ ബംഗാളിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായി. അഡീഷണല്‍ സെക്രട്ടറി ദേബാദിത്യ ചക്രബര്‍ത്തി, റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥന്‍ ആര്‍ എം ജാമിര്‍ എന്നിവരാണ് അറസ്റ്റിലായത്. ആദ്യമായാണ് സംസ്ഥാനത്തെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ ഇത്തരമൊരു കേസില്‍പ്പെടുന്നത്.
ജാമിര്‍ ഡയറക്ടറും ദേബാദിത്യ ചക്രബര്‍ത്തി മാനേജിംഗ് ഡയറക്ടറുമായിരുന്ന വെസ്റ്റ് ബംഗാള്‍ എസന്‍ഷ്യല്‍ കമ്മോഡിറ്റി സേവന സര്‍വീസ് കോര്‍പ്പറേഷന്‍ നടത്തിയ കയറ്റുമതിയിലാണ് അഴിമതി നടന്നതെന്നാണ് ആരോപണം. സ്വകാര്യ കയറ്റുമതി സ്ഥാപനമായ ഭാരത് ഇന്‍മേറ്റുമായുള്ള കൂട്ടിടപാടില്‍ ഒരു ചൈനീസ് സ്ഥാപനത്തിനായുള്ള ഇരുമ്പയിര് കയറ്റുമതിയില്‍ ഇരുവരും അഴിമതി നടത്തിയെന്നാണ് കേസ്.
അഴിമതിയെക്കുറിച്ച് വിവരം ലഭിച്ചതിനേ തുടര്‍ന്ന് കൊല്‍ക്കത്ത പൊലീസിലെ സിഐഡി വിഭാഗം ഇരുവരെയും കുറച്ചുദിവസങ്ങളായി നിരീക്ഷിക്കുകയായിരുന്നു. അഴിമതിയില്‍ ഇരുവരുടെയും വ്യക്തമായ പങ്ക് മുമ്പേ തെളിഞ്ഞെങ്കിലും മുതിര്‍ന്ന ഉദ്യോഗസ്ഥരായതിനാല്‍ അറസ്റ്റിനുള്ള അനുമതി ലഭിക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു.
അഴിമതി ആരോപണം ഉയര്‍ന്നുവന്നപ്പോള്‍ത്തന്നെ ഭാരത് ഇന്‍മേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായിരുന്നു. പിന്നീടാണ് മേല്‍പ്പറഞ്ഞ പൊതുമേഖല സ്ഥാപനത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചത്. എങ്കിലും ഐഎഎസ് ഉദ്യോഗസ്ഥരെ അറസ്റ്റുചെയ്യുന്നതിന് അനുമതി ലഭിച്ചിരുന്നില്ല. ചാര്‍ജ്ജ് ഷീറ്റ് സമര്‍പ്പിക്കുന്നതിനുമുമ്പ് ജാമിര്‍ വിരമിക്കുകയും ചെയ്‌തു. മന്ത്രിതലങ്ങളില്‍ നിന്നുപോലും ഇവര്‍ക്കെതിരെ കേസ് എടുക്കാതിരിക്കുന്നതിന് സമ്മര്‍ദ്ദമുണ്ടായിരുന്നു.
മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് 2011 ജൂലൈയില്‍ തുടരന്വേഷണം ആരംഭിക്കുകയും ഇരുമ്പയിര് കയറ്റുമതി ചെയ്‌ത സിംഗപ്പൂര്‍ ഉടമസ്ഥതയിലുള്ള സീ ക്വെസ്റ്റ് ഷിപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ കേസ് ഫയല്‍ ചെയ്യുകയും ചെയ്തത്. അഴിമതിയില്‍ ഇനിയും ചില ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സിഐഡി വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഇതിനെക്കുറിച്ച് ചീഫ് സെക്രട്ടറി സമര്‍ ഘോഷ് പ്രതികരിക്കാന്‍ ഇതുവരെയും കൂട്ടാക്കിയിട്ടില്ല.