1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. ദേശീയം
  6. 10 member team for progress

മോഡിയുടെ മോടി കൂട്ടാന്‍ പത്തംഗസമിതി

നരേന്ദ്രമോഡി
മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കാന്‍ പത്ത് മുന്‍ഗണനകള്‍ മുന്നോട്ടുവെച്ച പ്രധാനമന്ത്രി നരേന്ദ്രമോഡി, പത്തംഗ വിദഗ്ധ ഉപദേശകസമിതിയും രൂപവത്കരിക്കുന്നു. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡിഎംആര്‍സി) മുന്‍ മാനേജിംഗ് ഡയറക്ടര്‍ ഇ ശ്രീധരനടക്കം വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവര്‍ ഉള്‍പ്പെട്ടതാവും സമിതി. മുന്‍കേന്ദ്രമന്ത്രി അരുണ്‍ ഷൂരിയും സമിതിയിലുണ്ടാവും. 
 
ഇ ശ്രീധരനെ മോഡി മന്ത്രിസഭയിലെടുക്കുമെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. പിന്നീട്, മന്ത്രിസഭാ രൂപവത്കരണം പൂര്‍ത്തിയായതോടെ ഈ അഭ്യൂഹം അവസാനിച്ചു. ബുള്ളറ്റ് ട്രെയിനുകളടക്കം ഒട്ടേറെ സ്വപ്‌നപദ്ധതികള്‍ മോഡിയുടെ മനസ്സിലുണ്ട്. ഇത് യാഥാര്‍ഥ്യമാക്കാന്‍ ശ്രീധരന് കഴിയുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. മോഡിയുമായി അടുത്തു പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അവസരം ലഭിച്ചാല്‍ ആലോചിക്കുമെന്നും നേരത്തേ ശ്രീധരനും പ്രതികരിച്ചിരുന്നു. 
 
വിദേശകാര്യം, ആഭ്യന്തരസുരക്ഷ, ധനകാര്യം, വിദ്യാഭ്യാസം-ശേഷി വികസനം, വിവര സാങ്കേതികത, കൃഷി, അടിസ്ഥാനസൗകര്യ വികസനം, ഊര്‍ജം, ജലം, ആരോഗ്യം എന്നീ മേഖലകളിലെ വികസനത്തിനാണ് മോഡി അടിയന്തരപ്രാധാന്യം നല്‍കുക. ഈ മേഖലകളുടെ വികസനത്തിനുള്ള രൂപരേഖയും മാര്‍ഗനിര്‍ദേശവും നല്‍കാനാവും പത്തംഗ ഉപദേശകസമിതി.