പ്രമുഖ വ്യവസായി രാമപ്രസാദ് ഗോയെങ്ക(83) അന്തരിച്ചു. കൊല്‍ക്കത്തയിലെ വസതിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. മരണ സമയത്ത് ഭാര്യയും മക്കളും അടുത്തുണ്ടായിരുന്നു.
പൂര്‍വ്വ ഇന്ത്യയിലൈ പേരുകേട്ട ബിസിനസ്സ് കുടുംബമായ ഗോയെങ്ക കുടുംബത്തില്‍ ജനനം. ആര് പി ജി എന്റര്പ്രൈസസസിന്റെ സ്ഥാപകനാണ്. ആര് പി ജി എന്റര്പ്രൈസസസിന്റെയും മകന് സഞ്ജീവ് ഗോയങ്ക സ്ഥാപിച്ച ആര് പി സഞ്ജീവ് ഗോയെങ്ക ഗ്രൂപ്പിന്റെയും ചെയര്‍മാനുമായിരുന്നു. മുപ്പതിനായിരം കോടി രൂപയാണ് രണ്ടു കമ്പനികളുടെയും വിറ്റുവരവ്.
കേശവ് പ്രസാദ് ഗോയങ്കയുടെ മൂത്ത മകനായി 1930 ലാണ് രാമപ്രസാദ് ഗോയെങ്ക എന്ന ആര് പി ഗോയെങ്കയുടെ ജനനം. അച്ഛന്റെ വഴിയെ ബിസിനസ്സിലേക്ക് കടന്ന ആര്‍പി ഗോയെങ്ക 1979ല്‍ ആര്‍പിജി എന്റര്‍പ്രൈസസ് ആരംഭിച്ചു. ഫിലിപ്പ്സ് കാര്‍ബണ്‍ ബ്ലാക്ക്, ഏഷ്യന്‍ കേബിള്‍സ്, അഗര്‍പാര ജൂട് മില്‍സ്, മര്‍ഫി ഇന്ത്യ, സരിഗമ എന്നിവയടങ്ങുന്നതാണ് ആര്‍പി ജി എന്റര്‍പ്രൈസസ്.
രാജ്യസഭാംഗമായിരുന്ന ഗോയെങ്ക, ഇന്റര്‍നാഷണല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് ചെയര്‍മാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഫിക്കി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി എന്നിവയുടെ പ്രസിഡന്റ് എന്ന നിലയിലും പ്രവര്‍ത്തിച്ചു. ഓര്‍ഡര്‍ ഓഫ് ദി സേക്രഡ് ട്രഷര്‍ അവാര്‍ഡ് നല്കി ജപ്പാന് ആദരിച്ചിട്ടുണ്ട്.