ന്യൂഡല്‍ഹി|
JOYS JOY|
Last Modified ചൊവ്വ, 9 ജൂണ്‍ 2015 (16:35 IST)
നരേന്ദ്ര മോഡി സര്‍ക്കാര്‍ യു പി എയുടെ പദ്ധതികള്‍ അട്ടിമറിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കോണ്‍ഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി.
വര്‍ഷങ്ങള്‍ നീണ്ട പ്രവര്‍ത്തനത്തിലൂടെ വിവിധ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ രാജ്യത്ത് ജനപ്രിയ പദ്ധതികള്‍ നടപ്പിലാക്കിയിരുന്നു. എന്നാല്‍, ഇവ അട്ടിമറിക്കുകയാണ് എന്‍ ഡി എ സര്‍ക്കാര്‍ ചെയ്തതെന്നും സോണിയ പറഞ്ഞു.
ഒരു വശത്ത് നല്ല കാര്യങ്ങള്‍ ചെയ്ത് മുഖം നന്നാക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ കൊണ്ടു വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്നും സോണിയ ആരോപിച്ചു.
ജനങ്ങളെയും നീതിന്യായ വ്യവസ്ഥയെയും കണ്ടില്ലെന്നു നടിക്കുകയാണ് ബി ജെ പി സര്‍ക്കാര്‍. പാര്‍ലമെന്റിനെ ബൈപ്പാസ് ചെയ്ത് നയങ്ങള്‍ നടപ്പാക്കാനുള്ള ശ്രമമാണ്. ഇതിനെതിരെ കോണ്‍ഗ്രസ് രംഗത്തിറങ്ങണമെന്നും സോണിയ ആഹ്വാനം ചെയ്തു.
കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനൊപ്പം സംസ്ഥാന താല്പര്യവും മുഖ്യമന്ത്രിമാര്‍ നടപ്പാക്കണം. എന്നാല്‍, കോണ്ഗ്രസുകാരന് എന്ന നിലക്ക് ജനതാല്പര്യത്തിന് എതിരായി മോഡി സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ എതിര്‍ക്കണമെന്നും സോണിയ പറഞ്ഞു.
ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഒമ്പത് സംസ്ഥാന മുഖ്യമന്ത്രിമാരെ കൂടാതെ ലോക്സഭ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ, രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, എ കെ ആന്റണി അടക്കമുള്ള നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.