കനിഷ്ക: ആക്രമണം തടയാന്‍ കാനഡ പരാജയപ്പെട്ടു

ടൊറന്റോ| WEBDUNIA| Last Modified വെള്ളി, 18 ജൂണ്‍ 2010 (12:26 IST)
ഇരുപത്തിയഞ്ച് വര്‍ഷം മുമ്പ് നടന്ന വിമാന ദുരന്തത്തെ കുറിച്ചു പഠിക്കാന്‍ നിയോഗിച്ച കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കാനഡസര്‍ക്കാരിന് രൂക്ഷ വിമര്‍ശനം. സിഖ് ഭീകര സംഘടകളില്‍ നിന്നുള്ള ഭീഷണി നിലനില്‍ക്കെ, ആക്രമണം തടയാന്‍ വിവിധ സുരക്ഷാ ഏജന്‍സികള്‍ പരാജയപ്പെട്ടു എന്ന് ജസ്റ്റിസ് ജോണ്‍ മേജറുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ കുറ്റപ്പെടുത്തി.

വിമാന ദുരന്തം കഴിഞ്ഞ് 25 വര്‍ഷത്തിനു ശേഷമാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സര്‍ക്കാര്‍ വിമാന ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. 4000 താള്‍ വരുന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം സമര്‍പ്പിച്ചത്.

1985 ജൂണ്‍ 23 ന് കാനഡയിലെ മോണ്ട്രിയലില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനം ഐറിഷ് തീരത്തിനടുത്ത് വച്ച് സ്ഫോടനത്തില്‍ തകരുകയായിരുന്നു. വിമാനത്തില്‍ സഞ്ചരിച്ചിരുന്ന 329 പേര്‍ അപകടത്തില്‍ മരിച്ചു. മരിച്ചവരില്‍ കൂടുതലും ഇന്ത്യക്കാരായിരുന്നു.

ബ്ലൂസ്റ്റാര്‍ ഓപ്പറേഷനെതിരെ ഖാലിസ്ഥാന്‍ അനുകൂല സംഘടനകള്‍ ആക്രമണം നടത്തുമെന്ന സൂചനകള്‍ നിലനില്‍ക്കെയായിരുന്നു കനിഷ്ക ദുരന്തമുണ്ടായത്. സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച തല്‍‌വീന്ദര്‍ സിംഗ് പാര്‍മര്‍ കാനഡയില്‍ നിന്ന് പഞ്ചാബിലേക്ക് മടങ്ങിയെങ്കിലും സംസ്ഥാന പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചു.

ഇന്ദ്രജിത് സിംഗ് റിയാത് എന്ന ആളെ മാത്രമാണ് സ്ഫോടന കേസില്‍ ശിക്ഷിച്ചത്. 15 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയ ഇയാള്‍ ജയില്‍ മോചിതനായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :