രാജ്യത്തെ ആദ്യ ഓണ്‍ലൈന്‍ വോട്ടിംഗ് സംവിധാനം ഗുജറാത്തിലെ ഗാന്ധിനഗറില്‍ ഏര്‍പ്പെടുത്തി. ഏപ്രില്‍ 19-ന് നടക്കുന്ന ഗാന്ധിനഗര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ ഈ സൌകര്യം പരീക്ഷിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.
നഗരസഭയിലെ 11 വാര്‍ഡുകളിലായിരിക്കും ഓണ്‍ലൈന്‍ വോട്ടിംഗ് സൗകര്യം ഉണ്ടാവുക. ഓണ്‍ലൈന്‍ വോട്ടിംഗിനായി ഇതുവരെ 1582 പേര്‍ രജിസ്‌റ്റര്‍ ചെയ്തു കഴിഞ്ഞു. രാജ്യത്ത് ആദ്യമായാണ് ഈ രീതി ഏര്‍പ്പെടുത്തുന്നതെന്ന് ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മിഷണര്‍ കെ സി കപൂര്‍ അറിയിച്ചു.
ഓണ്‍ലൈന്‍ വോട്ടിംഗിന് റജിസ്‌റ്റര്‍ ചെയ്തവരില്‍ 1464 പേര്‍ വീട്, ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് വോട്ട് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ 118 പേര്‍ സര്‍ക്കാര്‍ ഒരുക്കുന്ന ഓണ്‍ലൈന്‍ ബൂത്തുകളിലെത്തി വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കി.
ടാറ്റാ കണ്‍സള്‍ട്ടന്‍സിയുമായി സഹകരിച്ചാണ് ഓണ്‍ലൈന്‍വോട്ടിംഗിന് വേണ്ട സൌകര്യങ്ങള്‍ ഒരുക്കിയത്. 32 സെര്‍വറുകളാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് വോട്ട് ചെയ്യാന്‍ കഴിയാത്തവര്‍ക്കാണ് ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കാനാവുക. ഇതിനായി വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ പേര് രജിസ്‌റ്റര്‍ ചെയ്യണം.
തെരഞ്ഞെടുപ്പ് ദിവസം വെബ്സൈറ്റില്‍ കയറി വോട്ടി രേഖപ്പെടുത്താം. വോട്ട് ചെയ്തുകഴിഞ്ഞാല്‍ ഇലക്‍ട്രോണിക് റസീറ്റും ലഭിക്കും.