ഇസ്രത്തിനെ വധിച്ചത് വ്യാജ ഏറ്റുമുട്ടലില്‍

WEBDUNIA|
PRO
ഇസ്രത്ത് ജഹാന്‍ കേസിന് വീണ്ടും നാടകീയമായ വഴിത്തിരിവ്. ഇസ്രത്ത് ജഹാന്‍ ഉള്‍പ്പെടെ നാല് പേരെ ഗുജറാത്ത് പൊലീസ് വ്യാജ ഏറ്റുമുട്ടലിലാണ് വധിച്ചതെന്ന് അഹമ്മദാബാദ് ജോയിന്റ് കമ്മീഷണര്‍ സതീഷ് വര്‍മ്മയും എസ്‌ഐടി സംഘവും സമര്‍പ്പിച്ച സത്യവാങ്ങ്‌മൂലത്തില്‍ പറയുന്നു.

വെള്ളിയാഴ്ചയാണ് അന്വേഷണ സംഘം 75 താള്‍ വരുന്ന സത്യവാങ്ങ്‌മൂലം സമര്‍പ്പിച്ചത്. അതേസമയം, എസ്‌ഐടി ചെയര്‍മാന്‍ കര്‍ണയില്‍ സിംഗും ഒരു ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥനും അന്വേഷണത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നും സതീഷ് വര്‍മ്മ ആരോപിക്കുന്നു.

സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് വ്യക്തമാണ്. സാക്ഷികള്‍ക്ക് വേണ്ട സംരക്ഷണം നല്‍കാത്തതിനാല്‍ പലരും മൊഴി നല്‍കാന്‍ വിസമ്മതിച്ചു എന്നും സതീഷ് വര്‍മ്മ കുറ്റപ്പെടുത്തുന്നു.

സസ്പെന്‍ഡ് ചെയ്യപ്പെട്ട ഡിഐജി ഡിജി വണ്‍സാരയ്ക്ക് ഇസ്രത്ത് ജഹാന്‍ കേസിലും ബന്ധമുണ്ട്. സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ കുറ്റാരോപിതനായ വണ്‍സാര ഇപ്പോള്‍ ജയിലിലാണ്.

ഇസ്രത്ത് ജഹാന്‍, മലയാളിയായ ജാവെദ് ഗുലാം ഷെയ്ക്ക് എന്ന പ്രാണേഷ് കുമാര്‍, അംജദ് അലി, ജിസാന്‍ ജോഹര്‍ അബ്ദുള്‍ ഗനി എന്നിവരെ സൊഹ്‌റാബുദ്ദീനെയും ഭാര്യയെയും പാര്‍പ്പിച്ചിരുന്ന അതേ ഗസ്റ്റ്‌ഹൌസില്‍ നാല് ദിവസം തടവിലിട്ടിരുന്നു. അവിടെ നിന്ന് കണ്ണുമൂടിക്കെട്ടി ഒരു നീല ഇന്‍ഡിക്ക കാറില്‍ പുറത്ത് കൊണ്ടുവന്ന് വെടിവച്ചു കൊല്ലുകയായിരുന്നു എന്നും സതീഷ് വര്‍മ്മ വ്യക്തമാക്കുന്നു.

2004 ജൂണ്‍ 15 ന് ആണ് ഇസ്രത്ത് ഉള്‍പ്പെടെ നാല് പേരെ ഗുജറാത്ത് പൊലീസ് അഹമ്മദാബാദില്‍ വെടിവച്ചുകൊന്നത്. ഇവര്‍ നരേന്ദ്ര മോഡിയെ വധിക്കാന്‍ എത്തിയ ലഷ്കര്‍-ഇ-തൊയ്ബ ഭീകരര്‍ ആണെന്നായിരുന്നു പൊലീസ് ഭാഷ്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :