പോളി വര്‍ഗീസ് - കണ്ണീരുപ്പ് കലര്‍ന്ന കലയും ജീവിതവും
ബിജു ഗോപിനാഥന്
PRO
“ഞാന്‍ ഒരു നടന് എന്ന നിലയില്‍ ഒരു കഥാപാത്രത്തിലേക്ക് പ്രവേശിച്ചാല്‍ ആ കഥാപാത്രത്തിന്റെ മനസ് ആവാഹിച്ചെടുക്കും. പിന്നീട് എന്റേത് ആ കഥാപാത്രത്തിന്റെ ജീവിതമാണ്. അയാള്‍ ചിരിക്കുന്നതുപോലെ ഞാന്‍ ചിരിക്കുന്നു. അയാള്‍ കരയുന്നതുപോലെ കരയുന്നു. അയാളുടെ വിധി അനുഭവിക്കുന്നു. കരയുന്ന രംഗങ്ങളില്‍ ഞാന്‍ ഗ്ലിസറിന്‍ ഉപയോഗിക്കാറില്ല. ജീവിതാനുഭവങ്ങളാണ് എന്നില്‍ കണ്ണീരായി കിനിയുന്നത്” - പോളി വ്യക്തമാക്കുന്നു.
തന്റെ ജീവിതം ഒരു കച്ചവടമല്ല എന്ന് ഉറക്കെ പ്രഖ്യാപിച്ച കലാകാരനാണ് പോളി വര്‍ഗീസ്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ റിയാലിറ്റി ഷോകള്‍ വെറും തട്ടിപ്പാണെന്ന് തുറന്നുപറയാന്‍ മടിയില്ല. “ഒരു വലിയ കാന്‍സറാണ് റിയാലിറ്റി ഷോകള്‍. അത് വെറും ഷോ മാത്രമാണ്. അവിടെ റിയാലിറ്റി ഇല്ല. അതൊരു സോഫ്റ്റ്വെയറാണ്. റിയാലിറ്റി ഷോകള്‍ കുക്ക് ചെയ്ത് പുറത്തുവിടുന്ന എത്ര പേര് സംഗീതരംഗത്ത് അതിജീവിക്കുന്നുണ്ട്?” - പോളി വര്‍ഗീസിന്റെ ചോദ്യം പ്രസക്തമാണ്.
PRO
ജീവിക്കുക എന്നതുതന്നെയാണ് കല എന്ന് പോളി വിശ്വസിക്കുന്നു. പ്രതികരിച്ചുകൊണ്ട് ജീവിക്കുന്നവനാണ് കലാകാരന്. “എന്റെ ജീവിതം റിയാലിറ്റി ഷോയല്ല. സമൂഹത്തിലെ എല്ലാ ദുഷിച്ച വശങ്ങളെയും എതിര്‍ത്തുകൊണ്ടാണ് ഞാന്‍ നിലനില്‍ക്കുന്നത്.” - ഇടതു ചിന്താഗതിക്കാരനായ ഈ കലാകാരന് പറയുന്നു. ഇടതുചിന്താഗതിക്കാരന്‍ എന്നതിന് ഏതെങ്കിലും ഇടതുപാര്‍ട്ടിയില്‍ അംഗത്വമുള്ള വ്യക്തി എന്ന് അര്‍ത്ഥമില്ല. ജീവിതത്തിന്റെ രാഷ്ട്രീയമാണ് പോളിക്കുള്ളത്. നമ്മുടെ പല രാഷ്ട്രീയക്കാരും യഥാര്‍ത്ഥ രാഷ്ട്രീയക്കാരല്ല എന്ന് പോളി പറയുന്നു. രാഷ്ട്രീയ അനുഭവം ഇല്ലാത്തവര്‍ രാഷ്ട്രീയക്കാരായി പ്രതിഷ്ഠിക്കപ്പെടുകയാണ്. അതുതന്നെയാണ് നമ്മുടെ രാഷ്ട്രത്തിന്റെ ശാപവും.
സംഗീതവും അഭിനയവുമായി പോളി വര്‍ഗീസിന്റെ യാത്ര തുടരുകയാണ്. ‘സുഴല്‍’ എന്ന തമിഴ് ചിത്രത്തില്‍ വില്ലനായി അഭിനയിച്ചുകഴിഞ്ഞു. ചിത്രം നവംബറില്‍ റിലീസാണ്. അതുല്‍ കുല്‍ക്കര്‍ണിയാണ് ചിത്രത്തില്‍ നായകനാകുന്നത്.
വ്യത്യസ്തമായ മറ്റൊരു സംഗീതാനുഭവം സൃഷ്ടിക്കുന്നതിന്റെ ഒരുക്കങ്ങളിലാണ് ഇപ്പോള്‍ പോളി. രണ്ടുവര്‍ഷമായി അതിന്റെ പ്രവര്‍ത്തനങ്ങളിലാണ് ഈ സംഗീതകാരന്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിന്റെ സംഗീതാവിഷ്കാരമായിരിക്കും ഇത്. പോളി വര്‍ഗീസ് ആസ്വാദകര്‍ക്കായി സമര്‍പ്പിക്കുന്ന മറ്റൊരു അത്ഭുതമായിരിക്കും അതെന്ന് പ്രതീക്ഷിക്കാം.
WEBDUNIA|
അടുത്ത പേജില്‍ - പോളി വര്‍ഗീസ് ഗുരു വിശ്വമോഹന്‍ ഭട്ടിനൊപ്പം