പോളി വര്‍ഗീസ് - കണ്ണീരുപ്പ് കലര്‍ന്ന കലയും ജീവിതവും

ബിജു ഗോപിനാഥന്‍

WEBDUNIA|
മൊസാര്‍ട്ട് ചേംബറില്‍ പോളി വര്‍ഗീസ്
സംഗീതം മധുരമാണ്. എന്നാല്‍ വാക്കുകള്‍ പലപ്പോഴും അങ്ങനെയല്ല. മധുരമായ സംഗീതം പകര്‍ന്നുനല്‍കുമ്പോഴും മൂര്‍ച്ചയുള്ള വാക്കുകള്‍ കൊണ്ട് ജീവിതത്തേക്കുറിച്ചുള്ള പുതിയ ആശയങ്ങള്‍ പങ്കുവയ്ക്കുകയാണ് സംഗീതജ്ഞനായ പോളി വര്‍ഗീസ്. മനുഷ്യന്‍റെ കണ്ണീരിന്‍റെ വിലയറിയുന്നവനാണ് കലാകാരനെന്നും, അവന്‍റെ കല കണ്ണീര്‍ ജനിപ്പിക്കുന്നതാകണമെന്നും പോളി പറയുന്നു.

ഇന്ത്യയില്‍ മോഹനവീണ വായിക്കുന്നവരെ വിരലില്‍ എണ്ണാം. അവരില്‍ പ്രധാനിയാണ് പോളി. മഹാസംഗീതകാരന്‍ വിശ്വമോഹന്‍ ഭട്ടിന്‍റെ മുഖ്യശിഷ്യന്‍. സംഗീതവും അഭിനയവും ഒരുപോലെ കൊണ്ടുപോകുന്ന പ്രതിഭ. ബാവുള്‍ സംഗീതം കൊണ്ട് വിപ്ലവം സൃഷ്ടിക്കാനും സമൂഹത്തിലെ നെറികേടുകള്‍ക്കെതിരെ തെരുവുനാടകം കളിക്കാനും മോഹനവീണയിലെ ഇന്ദ്രജാലം കൊണ്ട് ആസ്വാദകരെ കരയിക്കാനും സിനിമയുടെ ചട്ടക്കൂടിനുള്ളിലെ ചെത്തിമിനുക്കിയ അഭിനയശൈലികളെ വെല്ലുവിളിച്ച് സ്വന്തം പാത തുറക്കാനും പോളി വര്‍ഗീസ് എന്ന കലാകാരന് കഴിയുന്നു. കല പണമുണ്ടാക്കാനുള്ള മാര്‍ഗമല്ല എന്ന് വിശ്വസിക്കുന്ന യഥാര്‍ത്ഥ കലാകാരന്‍.

“പണത്തിന്‍റെ കാര്യമെടുത്താല്‍, ഞാന്‍ ഒരു ദരിദ്രനായി മരിക്കാനാഗ്രഹിക്കുന്നു. എന്നാല്‍ ഒരിക്കലും എന്നെ കൈവിടാത്ത സംഗീതം എന്ന മഹാസമ്പത്ത് എന്‍റെ ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്” - പോളി പറയുന്നു. പണം മോഹിപ്പിക്കാത്ത മനുഷ്യനാ‍ണിത്. താന്‍ കടന്നുവന്ന വഴികള്‍, അലഞ്ഞ മുള്‍‌പ്പാതകള്‍, മരുഭൂമികള്‍, തന്നെ അധിക്ഷേപിച്ചവരും വഞ്ചിച്ചവരും - എല്ലാം ഓര്‍മ്മയുണ്ട് പോളിക്ക്. ആ ഓര്‍മ്മകളാണ് തന്‍റെ സംഗീതമായും അഭിനയപ്രകടനമായും പുനര്‍ജനിക്കുന്നതെന്ന് പോളി വിശ്വസിക്കുന്നു.

പോളിയുടെ മോഹനവീണാ സംഗീതത്തിന്‍റെ മാന്ത്രികാനുഭവം ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ഒട്ടേറെ വേദികളില്‍ സംഭവിച്ചു. ഷാര്‍ജയിലെ അറബ് കള്‍ച്ചറല്‍ സെന്‍ററില്‍ ഷാര്‍ജ സര്‍ക്കാര്‍ സംഘടിപ്പിച്ച കണ്‍സേര്‍ട്ട്, പോണ്ടിച്ചേരിയിലെ ആദിശക്തി ആശ്രമത്തില്‍ നടത്തിയ വീണാവാദനം, വിയന്നയിലും ഗ്രാറ്റ്സിലും നടത്തിയ പെര്‍ഫോമന്‍സുകള്‍ ഒക്കെ എണ്ണപ്പെട്ടതാണ്. മൊസാര്‍ട്ടിന്‍റെ സംഗീതത്തിന് സാക്ഷിയായ സ്ഥലത്ത് മോഹനവീണ വായിച്ചതും തനിക്ക് മറക്കാനാവാത്ത ഓര്‍മ്മയാണെന്ന് പോളി വര്‍ഗീസ് പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :