നമ്മുടെ മണ്ണ്, നമ്മുടെ മരുന്ന്, നമ്മുടെ വിദ്യാഭ്യാസം!
കെ ജെ അജയകുമാര്‍
WEBDUNIA|
PRO
മലയാളത്തിന്റെ നാടകാചാര്യന് വയലാ വാസുദേവന്‍ പിള്ള അന്തരിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ്, അദ്ദേഹം തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമ ഡയറക്ടറായിരുന്നപ്പോള്‍ ചെന്നൈയില്‍ വച്ച് മലയാളം വെബ്ദുനിയയോട് സംസാരിക്കുകയുണ്ടായി. കെ പി എ സിയുടെ കനകജൂബിലിയാഘോഷങ്ങള് ചെന്നൈയില്‍ നടന്ന വേളയിലായിരുന്നു അത്. നാടകത്തിന്റെ ശക്തിയെക്കുറിച്ചും അതിന്റെ പ്രതിസന്ധികളെക്കുറിച്ചും അതിജീവനത്തേക്കുറിച്ചുമൊക്കെ കരുത്തുള്ള ഭാഷയില്‍ അദ്ദേഹം സംസാരിച്ചു. ആ അഭിമുഖത്തിന്റെ പ്രസക്തഭാഗം:
കേരള നാടകവേദിയില്‍ പുതിയൊരു സമീപനം കൊണ്ടുവരാനും ഗൗരവമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാനും സ്കൂള്‍ ഓഫ് ഡ്രാമയ്ക്ക് കഴിഞ്ഞു. പക്ഷേ, ജനകീയ നാടക പരിസരത്തു നിന്നും സ്കൂള്‍ ഓഫ് ഡ്രാമ അകലം പാലിച്ചു നില്ക്കുന്നു എന്ന വിമര്‍ശനത്തെക്കുറിച്ച് ?
വളരെ ഗൗരവമേറിയൊരു വിമര്‍ശനമാണിത്. പല സ്ഥലങ്ങളിലും എനിക്കീ ചോദ്യം അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്. ബോധപൂര്‍വ്വം 'സ്കൂള്‍ ഓഫ് ഡ്രാമ' അങ്ങനെ അകലം പാലിക്കാറില്ല. ജനകീയ നാടകവേദിയുമായി അകലാനോ അടുക്കാനോ ഉള്ള സ്ഥാപനമല്ലിത്. നാടക കലയില്‍ പ്രഫഷനല്‍ പരിശീലനം നല്‍കാനുദ്ദേശിച്ച് സര്‍വകലാശാല തലത്തില്‍ ഒരു സ്ഥാപനമാണിത്. നിശ്ചിത കാലയളവിനുള്ളില്‍ പഠിപ്പിച്ചു തീര്‍ക്കേണ്ട കൃത്യമായ പാഠ്യപദ്ധതിയുള്ള ഒരു സ്ഥാപനം.
ഇതൊരു കലാസമിതിയല്ല. സര്‍വ്വകലാശാല നിര്‍ദ്ദേശിക്കുന്ന പാഠ്യപദ്ധതി നന്നായി പൂര്‍ത്തിയാക്കുക എന്നതാണ് ഞങ്ങള്‍ അദ്ധ്യാപകരുടെ ഉത്തരവാദിത്തം. മറ്റ് വിദ്യാലയങ്ങളിലേതുപോലെ ഇവിടെ അതത്ര എളുപ്പമല്ല. ഉദാഹരണമായി സോഫോക്ലീസ് എന്ന നാടകം പഠിപ്പിക്കുമ്പോള്‍ അതിന്റെ പഠനപരമായ വശങ്ങള്‍ക്കാണ് ഞങ്ങള്‍ പ്രാധാന്യം കൊടുക്കുക. ആ നാടകത്തിന്റെ ഉദ്ദേശവും സാമൂഹിക വശവും നാടകം പഠിപ്പിച്ചുതീരുന്നതോടെ വിദ്യാര്‍ഥി മനസ്സിലാക്കും എന്നുതന്നെയാണ് എന്റെ വിശ്വാസം. പഠനം കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ പഠിച്ചെടുത്തത് സാമൂഹിക നന്മയ്ക്കായി ഉപയോഗിക്കണമെന്നു തന്നെയാണ് ഞങ്ങളുടെ ആഗ്രഹം.
സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് പഠിച്ചിറങ്ങുന്നവരെപ്പറ്റി?
ഇവിടെ നിന്ന് പഠിച്ചിറങ്ങുന്ന ഒട്ടേറെപേര്‍ ഇതിനകം നാടകാന്തരീക്ഷത്തില് ചലനങ്ങളുണ്ടാക്കിയിട്ടുണ്ട്. ജോസ് ചിറമ്മലും ശ്യാമപ്രസാദുമെല്ലാം. വേറൊരു വിദ്യാര്‍ത്ഥിയായ രഘൂത്തമന് 'അഭിനയ' എന്നൊരു സംഘടനയിലൂടെ, സ്കൂള്‍ ഓഫ് ഡ്രാമയുടെ ശൈലിയില്‍ തന്നെ, എന്നാലതിലും ഉപരിയായി വളരെയധികം പേര്‍ക്ക് നാടക പരിശീലനം കൊടുത്തുകൊണ്ടിരിക്കുന്നു. സുവീരന്, പ്രബലന്‍ തുടങ്ങി ഇനിയും എടുത്തുപറയാവുന്നവര്‍ നിരവധിയുണ്ട്. 12 വര്‍ഷമായി സ്കൂള്‍ ഓഫ് ഡ്രാമാ ആരംഭിച്ചിട്ട്. ഇരുന്നൂറോളം പൂര്‍വ്വ വിദ്യാര്ത്ഥികളുള്ളൊരു സ്ഥാപനമാണിത്.
പലരും ജീവിതത്തിന്റെ കുരുക്കില്‍പ്പെട്ട് പഠിച്ചത് പാഴായിപ്പോവുന്നതിന്റെ പ്രശ്നത്തിലാണെന്നറിയാം. അതിജീവനത്തിനുവേണ്ടി ടി വിയും മറ്റ് കൊമേഴ്സ്യല്‍ മേഖലകളുമായി സമരസപ്പെട്ടു പോവുന്ന ഒരു പാട് വിദ്യാര്‍ഥികളെ എനിക്കറിയാം. ചിലരാവട്ടെ, സ്വത്വപ്രകാശനത്തിന് വേറെ വഴി ലഭിക്കാതെ മുഖ്യധാരയില്‍ ലയിക്കുന്നു. എങ്കിലും ഞാന്‍ മുന്‍പേ പറഞ്ഞ പലരും സമൂഹത്തിനുവേണ്ടി ചിലതൊക്കെ ചെയ്യുന്നുണ്ട്.
പല ശ്രമങ്ങളും പരീക്ഷണത്തിനു വേണ്ടിയുള്ള പരീക്ഷണങ്ങളായി തീരുകയായിരുന്നുവോ? പുതിയ നാടക സങ്കേതങ്ങള്‍ നാടകത്തെ ജനങ്ങളില്‍ നിന്ന് ഒരു പരിധിവരെ അകറ്റുകയല്ലേ ചെയ്തത്?
സ്കൂള്‍ ഓഫ് ഡ്രാമയില്‍ ഞങ്ങള്‍ ചെയ്യുന്നതെല്ലാം വളരെ ഗൗരവത്തോടെയാണ്. അവ പരീക്ഷണങ്ങളായിരിക്കണമെന്ന് വാശിയുണ്ട്. കളിയല്ല പരീക്ഷണം. അതു ജീവരക്തം കൊടുത്തു ചെയ്യുന്ന അന്വേഷണമാണ്. ആ അര്‍ത്ഥത്തിലാണ് ഞാന്‍ അന്വേഷണമെന്നു പറയുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ നാടകം 'സാകേതം' അടുത്തുതന്നെ ജപ്പാനിലേക്ക് കൊണ്ടു പോവുന്നുണ്ട്. അത് വളരെ ഗൗരവത്തോടെ ഞങ്ങള്‍ ചെയ്തിരിക്കുന്ന പരീക്ഷണമാണ്. അന്വേഷണവും പരീക്ഷണവും ഒന്നാണ്.
ഭാസന്റെയും കാളിദാസന്റയും ഷേക്സ്പിയറുടെയും നാടകങ്ങള്‍ ഒരേ രീതിയില്‍ സംവിധാനം ചെയ്ത് അഭിനയിച്ചാല്‍ അത് ആവര്‍ത്തനമാവും. അതിലെ ശാശ്വതഘടകങ്ങള് അന്വേഷിച്ചു കണ്ടെത്തി അതിന് ഊന്നല്‍ കൊടുത്ത് അഭിനയിക്കുന്നതാണ് പരീക്ഷണം.
ബാഹ്യപ്പൊലിമകള് കണ്ടാണ് പലരും ഗൗരവമായ പരീക്ഷണങ്ങളെ അനുകരിക്കുന്നത്. അതുകൊണ്ട് നേരായ അന്വേഷണം, അല്ലെങ്കില്‍ പരീക്ഷണം പരിഹസിക്കപ്പെടുന്നു. അവസാനം അതിന്റെ പഴി സ്കൂള്‍ ഓഫ് ഡ്രാമയ്ക്കു വന്നുചേരുന്നു. പരീക്ഷണാത്മക മൂല്യങ്ങള്‍ ഏറ്റുവാങ്ങി ജനങ്ങളിലെത്തിക്കുന്ന അവസ്ഥയല്ല ഇന്നുള്ളതെന്ന് വാസ്തവം. അതുകൊണ്ട് പരീക്ഷണങ്ങളെ പാടെ തള്ളിക്കളയുന്നത് ശരിയല്ല.
'അമേച്വര്‍' എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം 'പ്രേമപൂര്‍വ്വം' എന്നാണ്. ഇന്ന് അമേച്വറെന്നാല് 'ഇമ്മെച്വര്‍' എന്ന അര്‍ത്ഥത്തിലാണ് മിക്കവാറും ഉപയോഗിക്കുന്നത്.
ഒരിക്കല്‍ ഒരു നാടകം കാണാന്‍ പോയപ്പോഴുണ്ടായ രസകരമായ സംഭവം പറയാം. നാടകം ആരംഭിക്കും മുന്‍പ് നാടകത്തിന്റേതായി ഒരു അനൗണ്‍സ്മെന്റ് ഉണ്ടായിരുന്നു. "ഇതൊരു ചെറിയ അമേച്വര്‍ നാടകമാണ്. പാകപ്പിഴകളുണ്ടായാല്‍ ക്ഷമിക്കണം"
എന്റെയടുത്തിരുന്ന ഒരാള്‍ ചോദിച്ചു.
"എന്താണ് മാഷേ അമേച്വര്‍ എന്നുവച്ചാല്‍?"
എങ്ങനെയെങ്കിലും ഒപ്പിച്ചെടുത്ത ഒരു നാടകം. അത് അവതരിപ്പിക്കും മുന്‍പ് 'അമേച്വറെ'ന്ന് ഒരു ക്ഷമാപണം. 'ഒട്ടും പഠിക്കാത്ത', 'ജോലിയില്ലാത്ത ചെറുപ്പക്കാര്‍ ചെയ്യുന്ന' തുടങ്ങിയ അര്‍ത്ഥങ്ങളാണ് അമേച്വര്‍ എന്ന വാക്കിന് പൊതുജനങ്ങളുടെ മനസ്സിലുള്ളത്. ജീവിതം വരെ മാറ്റിവയ്ക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന വികാരമാണ് പ്രേമം. തന്റെ ജീവിതം മാറ്റിവച്ച് സ്വത്വം കണ്ടെത്താന്‍ ശ്രമിക്കുന്ന ഒരാളെയാണ് അമേച്വര്‍ നാടകക്കാരന് എന്നു പറയുന്നത്.
ശങ്കരപ്പിള്ളയും, വിക്രമന്‍നായരും, വേണുക്കുട്ടന്‍ നായരും ആ അര്‍ത്ഥത്തില്‍ അമേച്വര്‍ നാടകക്കാരാണ്. സ്കൂള്‍ വാര്‍ഷികങ്ങള്‍, ലൈബ്രറി വാര്‍ഷികങ്ങള്‍ ഇവയോടനുബന്ധിച്ചുണ്ടാവുന്ന നാടകങ്ങളിലൂടെ കടന്നുവന്നയൊരാളാണ് ഞാന്‍. ചെറുപ്പകാലത്ത് എനിക്ക് നാടകത്തോടുണ്ടായിരുന്നത് കൗമാരപ്രണയമായിരുന്നു. കലാസമിതി, ലൈബ്രറി നാടകങ്ങള്‍ ഉണ്ടാക്കിയെടുക്കേണ്ടതും ഇത്തരം വികാരം തന്നെയാണ്.
ഇന്നത്തെ അമേച്വര്‍ തീയേറ്ററിന് സംഘടനാസ്വഭാവമില്ലെങ്കിലും സമകാലിക സമൂഹത്തില്‍ പ്രസക്തിയുണ്ട്. പ്രഫഷണല്‍ നാടകവേദിക്ക് തൊഴില്‍പരമായ സമീപനമാണുള്ളത്, അല്ലെങ്കില്‍ ഉണ്ടാവേണ്ടത്. പ്രഫഷണല്‍ തീയേറ്ററിനെ ആ അര്‍ത്ഥത്തില്‍ തന്നെ മനസ്സിലാക്കണം. കൃത്യമായ ഒരു തൊഴില്‍ വ്യവസ്ഥ. അതാണ് പ്രൊഫഷണലിസം.
വളരെയധികം നാടകക്കമ്പനികളെ അടുത്തറിയുന്ന ഒരാളെന്ന നിലയില്‍ പറയട്ടെ, കേരളത്തില്‍ അത്തരമൊരവസ്ഥയില്ല. കെപിഎസി പോലുള്ള അപൂര്‍വ്വം നാടകക്കമ്പനികള്‍ മാത്രമാണ് പ്രഫഷണലിസത്തില്‍ നിഷ്കര്‍ഷ കാണിക്കുന്നത്.
ലൈബ്രറി നാടകങ്ങളും കലാസമിതി നാടകങ്ങളും ഉണ്ടാക്കിയിരുന്ന നാടകത്തിനോടുള്ള കൗമാരപ്രണയം ഇന്നില്ലാതായിരിക്കുന്നു. എന്നാലും അമേച്വര്‍ തീയേറ്ററിന് ചിട്ടയായ സമീപനം കേരളത്തിലെവിടെയും കാണാം.