നാറാണത്ത് ഭ്രാന്തന്‍റെ കാല്‍ നൂറ്റാണ്ട്!

WEBDUNIA|
PRO
പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ
നിന്‍റെ മക്കളില്‍ ഞാനാണ് ഭ്രാന്തന്‍
പന്ത്രണ്ട് രാശിയും നീറ്റുമമ്മേ
നിന്‍റെ മക്കളില്‍ ഞാനാണനാഥന്‍ - മലയാള സാഹിത്യലോകത്തിന് ഇപ്പോഴും ആവേശമായ ‘നാറാണത്ത് ഭ്രാന്തന്‍’ എന്ന കവിതയ്ക്ക് 25 വയസ്. കാല്‍ നൂറ്റാണ്ടു മുമ്പാണ് വി മധുസൂദനന്‍ നായര്‍ എന്ന കവി തന്‍റെ മാസ്റ്റര്‍പീസിന് ജന്‍‌മം നല്‍കുന്നത്. അതിനു ശേഷം ഇന്നുവരെ സാഹിത്യാസ്വാദകരല്ലാത്ത മലയാളികളുടെ ചുണ്ടുകളില്‍ പോലും നാറാണത്ത് ഭ്രാന്തന്‍ മലകയറ്റം തുടരുകയാണ്.

നാലുപേര്‍ കൂടുന്ന സായാഹ്‌നങ്ങളില്‍ ഇന്നും ഉയര്‍ന്നു കേള്‍ക്കുന്ന കവിതയ്ക്ക് 25 വയസ് തികഞ്ഞു എങ്കിലും അതിന്‍റെ ആഘോഷങ്ങളൊന്നും നടത്താന്‍ കവിക്ക് താല്‍പ്പര്യമില്ല. അത്തരം ആഘോഷങ്ങളിലൊന്നും കാര്യമില്ലെന്നാണ് മധുസൂദനന്‍ നായര്‍ പറയുന്നത്.

കടമ്മനിട്ടയും ഒ എന്‍ വിയും ബാലചന്ദ്രന്‍ ചുള്ളിക്കാടുമൊക്കെ നിറഞ്ഞുനിന്ന ‘ചൊല്‍‌ക്കവിതാ’ലോകത്ത് നാറാണത്ത് ഭ്രാന്തന്‍ എന്ന ഒറ്റക്കവിതകൊണ്ട് മധുസൂദനന്‍ നായര്‍ താരമായി. ഇപ്പോഴും നാറാണത്ത് ഭ്രാന്തന്‍ കഴിഞ്ഞിട്ടേ മറ്റൊരു കവിതയെക്കുറിച്ച് കവിതാപാരായണ സദസുകള്‍ ആലോചിക്കൂ. ഏത് പ്രായക്കാരെയും അതിവേഗം കീഴടക്കുന്ന മാന്ത്രികത ആ കവിതയ്ക്കുണ്ടെന്നാണ് ആസ്വാദകലോകത്തിന്‍റെ അഭിപ്രായം.

എത്രതവണ താന്‍ ആ ചൊല്ലിയിട്ടുണ്ടെന്ന് മധുസൂദനന്‍ നായര്‍ക്കുതന്നെ നിശ്ചയമില്ല. പതിനായിരം വേദികളിലെങ്കിലും താന്‍ നാറാണത്ത് ഭ്രാന്തന്‍ ചൊല്ലിയിട്ടുണ്ടെന്ന് കവി പറയുന്നു. ഒരു ദിവസം ഒരു വേദിയില്‍ തന്നെ ഒമ്പത് തവണ ചൊല്ലിയിട്ടുണ്ട്.

കോയ്മയുടെ കോലങ്ങളെരിയുന്ന ജീവിത -
ച്ചുടലയ്ക്കു കൂട്ടിരിക്കുമ്പോള്‍
കോവിലുകളെല്ലാമൊടുങ്ങുന്ന കോവിലില്‍
കഴകത്തിനെത്തി നില്‍ക്കുമ്പോള്‍
കോലായിലിക്കാലമൊരു മന്തുകാലുമായ്‌
തീ കായുവാനിരിക്കുന്നു
ചീര്‍ത്ത കൂനന്‍ കിനാക്കള്‍ തന്‍ കുന്നിലേക്കീ
മേഘ കാമങ്ങള്‍ കല്ലുരുട്ടുന്നു

25 വര്‍ഷം മുമ്പ് ഒരു ജൂലൈയില്‍ കുഞ്ചുപിള്ള അവാര്‍ഡ് ദാനച്ചടങ്ങിയാണ് മധുസൂദനന്‍ നായര്‍ ആദ്യമായി നാറാണത്ത് ഭ്രാന്തന്‍ ചൊല്ലിയത്. ഘനഗാംഭീര്യമാര്‍ന്ന ശബ്ദത്തില്‍ ഒരു പ്രവാഹം പോലെയായിരുന്നു ആ ആലാപനം. സദസ്യര്‍ തരിച്ചിരുന്നുപോയ നിമിഷം. നാറാണത്ത് ഭ്രാന്തന്‍ എന്ന കവിതയുടെ പ്രയാണം അവിടെ ആരംഭിച്ചു. കവിയേക്കാള്‍ പ്രശസ്തമായ കവിതയായി അത് മാറി.

പിന്നീട് കാസറ്റുകളായും സി ഡികളായും നാറാണത്ത് ഭ്രാന്തന്‍ പടര്‍ന്നുകയറി. ഒരു തലമുറയുടെ സിരകളില്‍ കവിതാഭ്രാന്ത് കുത്തിവച്ച മാജിക് ആണ് പിന്നീടുണ്ടായത്. ‘നാറാണത്ത് ഭ്രാന്തന്‍’ അടങ്ങിയ കവിതകളുടെ സമാഹാരം വില്‍പ്പനയില്‍ വിപ്ലവം സൃഷ്ടിച്ചു.

വാക്ക്, അഗസ്ത്യഹൃദയം, ഗാന്ധി, ബാലശാപങ്ങള്‍, ഒരു കിളിയും അഞ്ചു വേടന്മാരും, പുണ്യപുരാണം രാമകഥ, ഭാരതീയം, ഗംഗ, മേഘങ്ങളേ കീഴടങ്ങുവിന്‍, പൊങ്കാല തുടങ്ങി ഉജ്ജ്വലമായ കവിതകള്‍ മധുസൂദനന്‍ നായര്‍ രചിച്ചിട്ടുണ്ടെങ്കിലും നാറാണത്ത് ഭ്രാന്തനെപ്പോലെ മനസുകള്‍ കീഴടക്കി യാത്ര തുടരാന്‍ അവയ്ക്ക് കഴിഞ്ഞില്ല. കല്ലുരുട്ടി മലകയറ്റം നടത്തുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന ഭ്രാന്തന്‍ സഹൃദയരുടെ മനസുകളില്‍ ഈ കവിതയിലൂടെ ഇന്നും ജീവിക്കുന്നു.

ആകാശ ഗര്‍ഭത്തിലാത്‌മതേജസ്സിന്‍റെ
ഓങ്കാര ബീജം തിരഞ്ഞും
എല്ലാരുമൊന്നെന്ന ശാന്തിപാഠം
തനിച്ചെങ്ങുമേ ചൊല്ലിത്തളര്‍ന്നും
ഉടല്‍ തേടി അലയും ആത്മാക്കളോട്‌
അദ്വൈതമുരിയാടി ഞാനിരിക്കുമ്പോള്‍
ഉറവിന്‍റെ കല്ലെറിഞ്ഞൂടെപ്പിറന്നവര്‍ കൂകി
നാറാണത്ത് ഭ്രാന്തന്‍!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :