വിശാല വീക്ഷണവും ദേശാഭിമാനവും ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ത്തന്നെ സ്വന്തം ജാത്യാഭിമാനം കൈവെടിയാന്‍ അദ്ദേഹം ഒരിക്കലും സന്നധനായിരുന്നില്ല. സമുദായ സേവനത്തില്‍ നിന്നും ഭിന്നമല്ലായിരുന്നു സി.വി.യുടെ സഹിത്യ പ്രവര്‍ത്തനവും പത്രപ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനവും.
തിരുവിതാംകൂറിലെ ദിവാന്‍ജിമാരെ വിമര്‍ശിച്ചുകൊണ്ട് സി.വി. എഴുതിയിരുന്ന മുഖ പ്രസംഗങ്ങള്‍ അക്കാലത്ത് ഒട്ടേറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കി. മാധവ റാവുവിന്‍റെ ഭരണം ഒരു മാധവമാസമായിരുന്നു എന്നു തുടങ്ങിയ സി.വി.ശൈലി അന്നത്തെ അധികാരി വര്‍ഗ്ഗത്തെ വല്ലാതെ ചൊടിപ്പിച്ചു.
ദേശീയ പ്രസ്ഥാനത്തിന്‍റെ അല തിരുവിതാംകൂര്‍ ഭാഗത്തും ആളിപ്പടര്‍ന്ന കാലം. ബ്രാഹ്മണ മേധാവിത്വത്തിനെതിരെയുള്ള സമരം ദക്ഷിണേന്ത്യയില്‍ വ്യാപിച്ചുകഴിഞ്ഞിരുന്നു. ഇതോടെ മലയാളി മെമ്മോറിയല്‍ സമരത്തിനു പ്രാരംഭം കുറിച്ചു. കേണല്‍ മണ്‍ റോ ദിവാനായിരുന്ന കാലം മുതല്‍ പ്രധാനപ്പെട്ട ഉദ്യോഗങ്ങള്‍ പരദേശി ബ്രാഹ്മണരുടെ കുത്തകയായിരുന്നു.
മണ്‍ റോയ്ക്ക് ശേശം പത്തൊന്‍പതാം നൂറ്റാണ്ടിലെ ബ്രാഹ്മണനല്ലാത്ത ഏക ദിവാന്‍ നാണുപിള്ളയായിരുന്നു. വിശാഖം തിരുനാള്‍ രാജ്യഭാരമേറ്റെടുത്തതോടു കൂടി നാണുപിള്ളയെ മറ്റി പരദേശി ബ്രാഹ്മണ ദിവാന്‍ജിമാരുടെ ഭരണം വീണ്ടും ഏര്‍പ്പെടുത്തി. ഇതിനെതിരെ സി.വി. ശക്തമായി പ്രതികരിച്ചു.
ഔദ്യോഗിക ജീവിതത്തില്‍ പല കഷ്ടനഷ്ടങ്ങളും ഇക്കാരണത്താല്‍ സഹിക്കേണ്ടതായും വന്നു. ഗവണ്‍മെന്‍റ് പ്രസ്സ് സൂപ്രണ്ട് പദവിയില്‍ കവിഞ്ഞ് ഉയരാന്‍ ആ പ്രതിഭാശാലിക്ക് കഴിയാതെ പോവുകയും ചെയ്തു.
സി.വി.സ്വസഹോദരന്മാരുടെ പ്രേരണയനുസരിച്ച് തങ്കച്ചിയുമായി ആദ്യം വിവാഹ ബന്ധത്തിലേര്‍പ്പെട്ടു. ആ ബന്ധം ശാശ്വതമായിരുന്നില്ല. 1887 ല്‍ പെരുന്താന്നി കീഴേവീട്ടില്‍ ഭാഗീരഥി അമ്മയെ വിവാഹം കഴിച്ചു.
1902 ല്‍ വഴുതയ്ക്കാട് റാസ്ക്കോട്ടിലേക്ക് താമസം മാറ്റി. 1905 ല്‍ ഭാഗീരഥിയമ്മയും മരിച്ചു. ശേഖരപിള്ള, ഗൗരിക്കുട്ടിഅമ്മ, പൊന്നമ്മ, പാറുക്കുട്ടിഅമ്മ, മഹേശ്വരിഅമ്മ, കൃഷ്ണന്‍നായര്‍ എന്നിവരാണ് സന്താനങ്ങള്‍. ഇളയമകള്‍ മഹേശ്വരി അമ്മയെ ഫലിതസാഹിത്യകാരനായ ഇ.വി.കൃഷ്ണപിള്ളയാണ് വിവാഹം കഴിച്ചത്. 1922 മാര്‍ച്ച് 21 ാം തീയതി സി.വി.രാമന്‍ പിള്ള നിര്യാതനായി.