കേന്ദ്രസംഘത്തെ അയയ്ക്കണം: വി.എസ്

WD
സംസ്ഥാനത്തെ കൃഷി നാശം സംബന്ധിച്ച് വിലയിരുത്താന്‍ കേന്ദ്ര സംഘത്തെ അയയ്ക്കണമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതനന്ദന്‍ ആവശ്യപ്പെട്ടു.

ഇത്തരം ഒരു ആവശ്യം കേരളം ഇതുവരെ ഉന്നയിച്ചിട്ടില്ലെന്ന് കേന്ദ്ര കൃഷിവകുപ്പ് മന്ത്രി ശര്‍ദ് പവാര്‍ പ്രസ്താവിച്ചിരുന്നു. ഇതിനു തൊട്ടുപിറകേയാണ് അച്യുതാനന്ദന്‍ ഈ ആവശ്യം ഉന്നയിച്ചത്.

മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച സന്ദേശത്തില്‍ കേരളത്തിലെ വര്‍ഷ കെടുതികള്‍ നേരിട്ടുവിലയിരുത്താനായി കേന്ദ്ര ഉന്നതതല സംഘത്തെ അയയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനൊപ്പം അടിയന്തിര സാമ്പത്തിക സഹയം ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി സന്ദേശത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതുവരെയായി പ്രാഥമിക നിഗമനം അനുസരിച്ച് 50 കോടി രൂപയിലേറെ നാശനഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. കുട്ടനാട്, തൃശൂര്‍, കോട്ടയം എന്നിവിടങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി വിളവെടുക്കാന്‍ പാകമായ 20,000 ഏക്കറിലേറെ സ്ഥലത്തെ കൃഷിയാണ് നശിച്ചത്.

ഇതിനൊപ്പം വര്‍ഷ കെടുതികള്‍ മൂലം സംസ്ഥാനത്തൊട്ടാകെ നാലു പേര്‍ മരിച്ചിട്ടുണ്ട്. വേനല്‍ മഴ ഇത്രയധികം നാശനഷ്ടം ഉണ്ടാക്കിയത് ചരിതത്തില്‍ തന്നെ ആദ്യമായാണ്. ഇത്തരമൊരു സാഹചര്യത്തില്‍ കേന്ദ്രസഹായം എത്രയും വേഗം പരമാവധി തോതില്‍ ലഭ്യമാക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് നല്‍കിയ നിവേദനത്തെ കൂടാതെ കൃഷി മന്ത്രി മുല്ലക്കര രത്നാകരന്‍ കേന്ദ്ര കൃഷി വകുപ്പ് മന്ത്രി ശരദ് പവാര്‍, ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീല്‍ എന്നിവര്‍ക്കും ഇതേ ആവശ്യം ഉന്നയിച്ച് സന്ദേശം അയച്ചിട്ടുണ്ട്.
തിരുവനന്തപുരം| WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :