എല്ലാ സാഹിത്യകാരന്മാരും വിചാരിക്കാറുള്ളത് അര്‍ഹിക്കുന്ന പ്രശസ്തി തനിക്കു കിട്ടുന്നില്ലല്ലോ എന്നാണത്രെ. ഇതേ ബോധം എനിക്കും ഉണ്ടാവാറുള്ളതാണ്. എങ്കിലും, അര്‍ഹിക്കുന്ന പ്രശസ്തി ആര്‍ക്കും കിട്ടാതെ പോവുന്നില്ല. ഇന്നല്ലെങ്കില്‍ നാളെ എന്നൊരു ഊഹം എനിക്കുണ്ട്.
എന്നെ സംബന്ധിച്ചാണെങ്കില്‍ ഒരു ദിവസം കാലത്തെണീറ്റു നില്ക്കുമ്പോള്‍ ഭാഗ്യം തലയിലേക്കിടിഞ്ഞു വീഴുക എന്നത് ഉണ്ടായിട്ടില്ല. ഭാഗ്യത്തിനു കീഴില്‍ അതൊന്നിടഞ്ഞുവീണെങ്കിലായി എന്ന വിചാരത്തോടെ പലപ്പോഴും ചെന്നുനിന്നിട്ടുണ്ടെന്നതു തുറന്നു പറയാന്‍ ലജ്ജിക്കുന്നുമില്ല.
എങ്കിലും പറയട്ടെ: വിവേചന ബുദ്ധിയോടെ ഇന്നിന്നതെല്ലാം പ്രതീക്ഷിക്കാമെന്നു കണ്ടതില്‍ കലാംശം എപ്പോഴും എനിക്കു ലഭിച്ചിട്ടുണ്ട്. അതാകട്ടെ, ഓര്‍ക്കാതിരിക്കുമ്പോഴാണ് വന്നു ചേരാറുള്ളതും. തന്മൂലം പ്രതീക്ഷ മുഴുവന്‍ ഫലിച്ചാലത്തെ സന്തോഷം ഞാനനുഭവിക്കുന്നു. അതുകൊണ്ടാവാം, എനിക്കു പരാതിയൊന്നുമില്ല.
എന്‍റെ രചനകളില്‍ എഴുപത്തഞ്ചു ശതമാനവും ജീവനുറ്റവയാണെന്നു തന്നെ വിചാരിക്കുന്നു. താങ്ങാന്‍ വയ്യാത്ത വിധം കനത്ത പ്രശംസ അറിയാതിരിക്കെ കടന്നു വന്നു. ചിലപ്പോള്‍ ഉഗ്രമായ നിരൂപണമായിരിക്കും. രണ്ടും തെളിയിക്കുന്നത് ഒന്നു തന്നെയാണല്ലോ.
പൊതുവേ പറഞ്ഞാല്‍ നിരൂപണം എന്നെ രസിപ്പിക്കുകയാണ് പതിവ്. ഞാന്‍ ഗൗനിക്കപ്പെടുന്നുവല്ലോ എന്നൊരു രസം. ദുര്‍ലഭം ചിലപ്പോള്‍ നിരൂപകന്‍റെ ഉദ്ദേശ്യം സത്യാന്വേഷണത്തിനപ്പുറം വല്ലതുമാണെന്നു മനസ്സിലാകുമ്പോള്‍ ദുഃഖം തോന്നിയിട്ടുണ്ട്.