‘ഭാര്യ അസമയത്ത് നീണ്ടനേരം ഫോണില്‍ സംസാരിക്കുന്നതും വിവാഹമോചനത്തിന് പര്യാപ്തം‘

കൊച്ചി| WEBDUNIA| Last Modified ശനി, 17 ഓഗസ്റ്റ് 2013 (11:11 IST)
PRO
ഭര്‍ത്താവ് വിദേശത്തായിരിക്കേ അര്‍ധരാത്രിക്കുശേഷവും ഏറെ നേരം സുഹൃത്തുമായി സംസാരിക്കുന്നത് വിവാഹബന്ധത്തിലെ വഞ്ചനയാണെന്ന് ഹൈക്കോടതി വിലയിരുത്തി.

ഇതിന്റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിന്റെ അപ്പീല്‍ അനുവദിച്ച് വിവാഹമോചനം നല്‍കുകയും ചെയ്തു. തലശ്ശേരി കുടുംബക്കോടതിയുടെ വിധിയ്‌ക്കെതിരെ ഭാര്യയും ഭര്‍ത്താവും നല്‍കിയ അപ്പീലിലാണ് ജസ്റ്റിസ് ആന്‍റണി ഡൊമിനിക്കും ജസ്റ്റിസ് പി ഡി രാജനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. ഇരട്ടകളായി രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ ജനിച്ചു. 2008-ഓടെ ഇവര്‍ക്കിടയില്‍ ഭിന്നത ആരംഭിച്ചു. ഭാര്യക്ക് പരപുരുഷബന്ധം ആരോപിച്ച് ഭര്‍ത്താവ് കുടുംബക്കോടതിയെ സമീപിച്ചു.

ഭര്‍ത്താവ് വിദേശത്തായിരിക്കേ ഭാര്യ അര്‍ധരാത്രിയും അസമയത്തും പുരുഷസുഹൃത്തിനെ വിളിച്ചുവെന്നത് ഭര്‍ത്താവിനോടുള്ള ക്രൂരതയായി കാണാനാവില്ലെന്നായിരുന്നു കുടുംബക്കോടതിയുടെ വിലയിരുത്തല്‍.

എന്നാല്‍ വിദ്യാസമ്പന്നയായ ഭാര്യ അവിഹിതഅടുപ്പം നിലനിര്‍ത്തിയത് ഭര്‍ത്താവിനോടുള്ള ക്രൂരതയാവുമെന്ന് ഭര്‍ത്താവിന്റെ അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി വ്യക്തമാക്കി.

രണ്ട് കുഞ്ഞുങ്ങളുണ്ടെന്നത് വിഷമം സൃഷ്ടിക്കുന്ന സാഹചര്യമാണ് എന്നാലും വിവാഹമോചനം നിഷേധിച്ച കുടുംബക്കോടതിയുടെ ഉത്തരവ് ശരിയായില്ലെന്നും ഹൈക്കോടതി വിലയിരുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :