സുഭാഷിനെതിരെ ആത്മഹത്യാപ്രേരണ കുറ്റം?

കോഴിക്കോട്| WEBDUNIA|
PRO
PRO
ട്രെയിന്‍ യാത്രയ്ക്കിടെ ഗവേഷകയായ ഇന്ദു മരിക്കാനിടയായ സംഭവത്തില്‍ സഹയാത്രികന്‍ സുഭാഷിനെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. താനും ഇന്ദുവും തമ്മില്‍ രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ സുഭാഷ് മറ്റൊരു ജാതിക്കാരനാണ് എന്ന കാരണത്താല്‍ ഇന്ദുവിന്റെ വീട്ടുകാര്‍ ഇവരുടെ വിവാഹത്തിന് സമ്മതം മൂളിയില്ല.

ഞായറാഴ്ച തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസില്‍ വച്ച് ഇന്ദുവിനെ കാണാതാകുമ്പോള്‍ സുഭാഷും ഇതേ കോച്ചില്‍ ഉണ്ടായിരുന്നു. ഇയാളുടെ നിര്‍ബന്ധപ്രകാരമാണ് ഇന്ദു അന്ന് കോഴിക്കോട്ടേക്ക് തിരിച്ചത്. യാത്രയ്ക്കിടെ ഇവര്‍ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും മാത്രമാണ് സംസാരിച്ചത്. മെയ് 16-ന് അഭിലാഷ് എന്ന യുവാവുമായി ഇന്ദുവിന്റെ വിവാഹം നിശ്ചയിച്ചിരിക്കുന്നതിനാല്‍ അതിന് മുമ്പ് ഒരു തീരുമാനത്തില്‍ എത്തിയേ തീരൂ എന്ന് സുഭാഷ് ഈ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു.

രാത്രി വണ്ടിയില്‍ എ സി കമ്പാര്‍ട്ട്മെന്റില്‍ ആയിരുന്നു ഇരുവരും. കായംകുളം വരെ ഇന്ദു ട്രെയിനില്‍ ഉണ്ടായിരുന്നെന്നും പിന്നീട് എന്തു സംഭവിച്ചു എന്ന് അറിയില്ലെന്നുമാണ് സുഭാഷ് മൊഴി നല്‍കിയിരിക്കുന്നത്. കല്ലായില്‍ എത്തി താന്‍ ഉറക്കമുണര്‍ന്ന് നോക്കിയപ്പോള്‍ ഇന്ദുവിനെ കണ്ടില്ലെന്നും ഇയാള്‍ പറഞ്ഞു.

അതേസമയം വീട്ടുകാരെ ധിക്കരിച്ച് സുഭാഷിന്റെ കൂടെ പോകാന്‍ ഇന്ദുവിന് മനസ്സുണ്ടായിരുന്നില്ലെന്നും അതിനാല്‍ ഈ പെണ്‍കുട്ടി കടുത്ത മാനസികസംഘര്‍ഷത്തില്‍ ആയിരുന്നു എന്നും സൂചനയുണ്ട്. യാത്രയ്ക്കിടെ സുഭാഷിന്റെ നിര്‍ബന്ധം കൂടിയായപ്പോള്‍ ഇന്ദു ചെയ്യാന്‍ തീരുമാനിച്ചതാവാം എന്നാണ് പൊലീസ് കരുതുന്നത്. എന്നാല്‍ ഇന്ദുവിനെ ആരെങ്കിലും അപായപ്പെടുത്തിയതാവാം എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

കോഴിക്കോട് എന്‍ ഐ ടി യിലെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ഗവേഷകയാണ് ഇന്ദു. ഇതേ സ്ഥാപനത്തിലെ അധ്യാപകനാണ് സുഭാഷ്. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ആലുവ ചെങ്ങമനാടിന് സമീപം പെരിയാറില്‍ കണ്ടം‌തുരുത്ത് ഭാഗത്തുനിന്നാണ് ഇന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :