മലബാര്‍ സിമന്റ്സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹമരണം സംബന്ധിച്ച കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി സി ബി ഐ ശശീന്ദ്രന്റെ വീട്ടിലെത്തി. ശശീന്ദ്രനെയും മക്കളെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ വീട്ടില്‍ സി ബി ഐ പരിശോധന നടത്തി.
ശനിയാഴ്ച രാവിലെയാണ് സി ബി ഐ തിരുവനന്തപുരം യൂണിറ്റിലെ ഡി വൈ എസ് പി എന്‍ രവീന്ദ്രനാഥന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പ് നടത്തിയത്. തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ഡയറക്‌ടര്‍ രാജേന്ദ്രസിംഗിന്റെ നേതൃത്വത്തിലുള്ള ഫോറന്‍സിക് ഉദ്യോഗസ്ഥരാണ് പരിശോധനാ സംഘത്തിലുളളത്.
ശശീന്ദ്രന്റെയും മക്കളുടെയും മരണവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച സിബിഐ എഫ് ഐ ആര്‍ സമര്‍പ്പിച്ചിരുന്നു. കേസില്‍ മൂന്നുപേരെ പ്രതികളാക്കിയായിരുന്നു കൊച്ചി സി ജെ എം കോടതിയില്‍ എഫ് ഐ ആര്‍ സമര്‍പ്പിച്ചത്. മലബാര്‍ സിമന്റ്സ് എംഡി സുന്ദരമൂര്‍ത്തി ഒന്നാം പ്രതിയും പേഴ്സണല്‍ സ്റ്റാഫ് അംഗം സൂര്യനാരായണന്‍ രണ്ടാം പ്രതിയും വിവാദ വ്യവസായി ഇ എം രാധാകൃഷ്ണന്‍ മൂന്നാം പ്രതിയുമാണ്. കൊലാപാതക കുറ്റമാണ് ഇവര്‍ക്കുമേല്‍ സി ബി ഐ ചുമത്തിയിരിക്കുന്നത്.