തിരുവിതാംകൂര്‍ രാജകുടുംബത്തിനെതിരെയും മാര്‍ത്താണ്ഡവര്‍മ്മയ്ക്കെതിരെയും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നടത്തിയ പ്രസ്‌താവന സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് മന്ത്രി കെ സി ജോസഫ്. പ്രസ്‌താവന പിന്‍വലിച്ച് മാപ്പ് പറയാന്‍ വി എസ് തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വി എസിന്റെ പ്രസ്‌താവനയോട് യോജിപ്പുണ്ടോയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വ്യക്‌തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ എല്ലാ ദിവസവും ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ദര്‍ശനം നടത്താറുണ്ട്. പായസം എന്ന വ്യാജേന പാത്രത്തില്‍ സ്വര്‍ണവുമായാണ് അദ്ദേഹം ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതെന്നുമാണ് വി എസ് ആരോപിച്ചത്. ഇത് കണ്ടുപിടിച്ച അവിടുത്തെ ശാന്തിക്കാരനെ ചൂടുവെള്ളം ഒഴിച്ചു കൊല്ലാന്‍ ശ്രമിച്ച കാര്യം തനിക്കറിയാമെന്നും വി എസ് പറഞ്ഞിരുന്നു. അറകളിലെ സമ്പത്തിന്റെ മൂല്യനിര്‍ണയം തടയാന്‍ തിടുക്കത്തില്‍ ദേവപ്രശ്നം നടത്തുകയാണ് മാര്‍ത്താണ്ഡവര്‍മ ചെയ്‌തത്. അറയില്‍ തൊടുന്നവരുടെ കുടുംബം മുടിയുമെന്ന് ദേവപ്രശ്നത്തില്‍ പറഞ്ഞു. എന്നാല്‍ മാര്‍ത്താണ്ഡവര്‍മയ്ക്ക് ഈ അറ തുറക്കാം. പക്ഷേ സുപ്രീംകോടതി അത് തുറക്കാന്‍ പാടില്ല എന്നാണോ എന്നും വി എസ് ചൂണ്ടിക്കാട്ടി. സമ്പത്ത് ക്ഷേത്രത്തില്‍ സുരക്ഷിതമല്ലെന്നും അദ്ദേഹം പറഞ്ഞു.