വര്‍ഗീയതയ്ക്കെതിരെ ഇടതിനൊപ്പം പോരാടുമെന്ന് വീരന്‍, രാഷ്ട്രീയ മാറ്റത്തിന്‍റെ സൂചന നല്‍കി കോടിയേരി

വീരേന്ദ്രകുമാര്‍, വി എസ്, കോടിയേരി, സി പി എം, ഉമ്മന്‍‌ചാണ്ടി
കോഴിക്കോട്| Last Updated: തിങ്കള്‍, 11 മെയ് 2015 (19:21 IST)
വര്‍ഗീയതയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഇടതുപക്ഷത്തിനൊപ്പം സഹകരിക്കുമെന്ന് ജെ ഡി യു നേതാവ് എം പി വീരേന്ദ്രകുമാര്‍. വര്‍ഗീയതയ്ക്കെതിരെ ഇടതിനൊപ്പം ഏതറ്റം വരെയും പോകുമെന്നും വീരന്‍ വ്യക്തമാക്കി. ഇത്തരം പോരാട്ടങ്ങള്‍ക്ക് അതിര്‍വരമ്പുകളില്ലെന്നും വീരന്‍ പറഞ്ഞു.

മതേതര സംരക്ഷണത്തിനുവേണ്ടി എന്തുവിലകൊടുക്കാനും തയ്യാറാകണം. ഇത് ജെ ഡി യുവിന്‍റെ കര്‍ത്തവ്യമാണെന്നും വീരന്‍ പറഞ്ഞു. കോഴിക്കോട് കേളുവേട്ടന്‍ പഠന ഗവേഷണ കേന്ദ്രത്തിന്‍റെ സെമിനാറില്‍ സംസാരിക്കുകയായിരുന്നു വീരേന്ദ്രകുമാര്‍.

ഇത്തരം വേദികള്‍ ഇനിയുമുണ്ടാകുമെന്ന് സെമിനാറില്‍ സംസാരിച്ച സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇങ്ങനെയുള്ള വേദികളിലൂടെയാണ് രാഷ്ട്രീയ മാറ്റങ്ങളുണ്ടാകുന്നത്. വര്‍ഗീയതയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ യു ഡി എഫിലെ മതേതരകക്ഷികളെ സഹകരിപ്പിക്കാനുള്ള അവസരം വന്നിരിക്കുകയാണ്. ആറുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീരേന്ദ്രകുമാര്‍ ഇടതുവേദിയിലെത്തുന്നത്. ഇതിന് സംഘാടകരോട് നന്ദിയുണ്ട് - കോടിയേരി പറഞ്ഞു.

സെമിനാറിന് ശേഷം കോടിയേരി ബാലകൃഷ്ണനും വീരേന്ദ്രകുമാറും കൂടിക്കാഴ്ച നടത്തി. കോഴിക്കോട്ട് വീരേന്ദ്രകുമാറിന്‍റെ ഓഫീസില്‍ വച്ചായിരുന്നു ചര്‍ച്ച. കഴിഞ്ഞ ദിവസം വി എസ് അച്യുതാനന്ദനുമായും വീരന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :