ഇടത്തോട്ട് ചാടാനൊരുങ്ങി ജെഡിയു; സിപിഎം സെമിനാറില്‍ വീരേന്ദ്രകുമാര്‍ പങ്കെടുക്കും

കോഴിക്കോട്| jibin| Last Modified തിങ്കള്‍, 11 മെയ് 2015 (08:30 IST)
ജെഡിയു ഇടത് മുന്നണിയിലേക്ക് അടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി കോഴിക്കോട്ട് ഇന്ന് സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനൊപ്പം എംപി വീരേന്ദ്രകുമാര്‍ പങ്കെടുക്കും. സോഷ്യലിസ്റ്റ് ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ നേതാവെന്ന നിലയിലാണ് വീരേന്ദ്രകുമാറിനെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നാണ് സിപിഎമ്മിന്റെ വിശദീകരണം. പരിപാടിയില്‍ പങ്കെടുക്കുമെന്ന് വീരേന്ദ്രകുമാര്‍ അറിയിച്ചു.

സിപിഎമ്മിന്റെ ഗവേഷണ വിഭാഗമായ കേളുവേട്ടന്‍ പഠന ഗവേഷണ കേന്ദ്രമാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. വര്‍ഗ്ഗീയ ഫാസിസ്റ്റ് ഭീഷണിയും മതനിരപേക്ഷ ശക്തികളുടെ പ്രതിരോധവും എന്ന വിഷയത്തിലാണ് സെമിനാര്‍. ഞായറാഴ്ച പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും വീരേന്ദ്രകുമാറും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കോഴിക്കോട് ഗസ്റ്റ് ഹൌസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. യു ഡി എഫുമായി ഇടഞ്ഞുനില്‍ക്കുന്ന വീരേന്ദ്രകുമാറുമായി വി എസ് കൂടിക്കാഴ്ച നടത്തിയത്.

ആരോഗ്യ കാര്യങ്ങള്‍ മാത്രമാണ് വീരേന്ദ്രകുമാറുമായി
സംസാരിച്ചതെന്ന് വി എസ് പറഞ്ഞു. പറയാനുള്ളതെല്ലാം മുമ്പേ പറഞ്ഞതാണെന്നും എല്‍ ഡി എഫിലേക്കുള്ള ജനതാദളിന്റെ മടങ്ങിവരവ് സംബന്ധിച്ച് പുതിയതായി ഒന്നും പറയാനില്ലെന്നും വി എസ് വ്യക്തമാക്കിയപ്പോള്‍ വിഎസ് ആവശ്യപ്പെട്ട പ്രകാരമാണ് കൂടിക്കാഴ്ച നടത്തിയതെന്ന് വീരേന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു നിന്നു. കൂടിക്കാഴ്ചയില്‍ രാഷ്‌ട്രീയം ചര്‍ച്ച ചെയ്തില്ലെന്ന് പറഞ്ഞ വീരേന്ദ്രകുമാര്‍ സംഘപരിവാറിനെതിരെ ഏത് വേദിയും പങ്കിടുമെന്നും വ്യക്തമാക്കി.

പഞ്ചായത്ത് തെരെഞ്ഞെടുപ്പിന് മുന്‍പ് ജെഡിയു ഇടതുമുന്നണിയിലെത്തുമെന്ന അഭ്യൂഹം ശക്തമാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ ജെഡിയുവിന് മുന്നണിയിലേക്ക് മടങ്ങിവരാം എന്ന നിലപാട് സ്വീകരിച്ചിട്ടുമുണ്ട്. ഈ അനുകൂല സാഹചര്യമാവാം വീരേന്ദ്രകുമാര്‍
കോടിയേരിക്കൊപ്പം വേദി പങ്കിടാന്‍ തയ്യാറായിതിന് പിന്നിലെന്നാണ് സൂചന


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :