വീരന്റെ തോല്‍വി; റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി,​ നടപടിക്ക് ശുപാർശ

  എംപി വീരേന്ദ്രകുമാര്‍ , പാലക്കാട്ടെ തോല്‍വി ,  ഡിസിസി , മുഖ്യമന്ത്രി ഉമ്മൻചാണ്ടി
തിരുവനന്തപുരം| jibin| Last Modified ശനി, 9 മെയ് 2015 (10:46 IST)
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് ജനതാ സ്ഥാനാർത്ഥി എംപി വീരേന്ദ്രകുമാറിന്റെ പാലക്കാട്ടെ തോൽവിയെ കുറിച്ചന്വേഷിച്ച യുഡിഎഫ് ഉപസമിതിയുടെ റിപ്പോർട്ട് മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കൈമാറി. റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള നേതാക്കള്‍ക്കെതിരെ ഇനി നടപടി സ്വീകരിക്കേണ്ടത് കോൺഗ്രസ് നേതൃത്വമാണ്.

ഡിസിസി പ്രസിഡന്റ് സിവി ബാലചന്ദ്രൻ, കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി കൺവീനറും കെപിസിസി സെക്രട്ടറിയുമായ സി ചന്ദ്രൻ, തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ചുമതല വഹിച്ച പി ബാലഗോപാൽ, തെരഞ്ഞെടുപ്പിന് അട്ടപ്പാടി മേഖലയുടെ ചുമതലയുണ്ടായിരുന്ന ബ്ളോക്ക് പ്രസിഡന്റ് പിസി ബേബി എന്നിവർക്കെതിരെയാണ് പാലക്കാട്ടെ തോൽവിയെ
കുറിച്ചന്വേഷിച്ച യുഡിഎഫ് ഉപസമിതിയുടെ റിപ്പോർട്ടില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

കെപിസിസി നിര്‍വാഹക സമതിക്ക് മുന്നോടിയായി മുതിര്‍ന്ന നേതാക്കള്‍ യോഗം ചേര്‍ന്നു. യുഡിഎഫ് മേഖലാ ജാഥകള്‍ മാറ്റിവയ്ക്കണമെന്ന കേരള കോണ്‍ഗ്രസിന്‍റെ ആവശ്യം യോഗം ചര്‍ച്ച ചെയ്തു. ഉപസമിതി അധ്യക്ഷന്‍ പിപി തങ്കച്ചനാണ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നല്‍കിയത്. റിപ്പോർട്ട് കിട്ടിയശേഷം നടപടി സ്വീകരിക്കാമെന്ന് കഴിഞ്ഞദിവസം എംപി വീരേന്ദ്രകുമാറുമായി നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി ഉറപ്പുനൽകിയിരുന്നു. റിപ്പോർട്ട് അടുത്ത യുഡിഎഫ് യോഗം ചർച്ച ചെയ്യും.

എം.പി. വീരേന്ദ്രകുമാറിന്റെ പാലക്കാട്ടെ തോൽവിക്കു കാരണക്കാരായവർക്ക് എതിരെ നടപടിയെടുക്കണമെന്ന് ജെഡിയു. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ല. ഡിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി പ്രതീക്ഷിക്കുന്നതായും ജനതാദൾ യുണൈറ്റഡ് സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ഖ് പി ഹാരിസ് അറിയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :