സഭയ്ക്കും മെത്രാന്മാര്ക്കുമെതിരെ സിപിഎം നടത്തിയ പരസ്യമായ വിമര്‍ശനങ്ങള്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ദോഷം ചെയ്തതായി സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന് ആവര്‍ത്തിച്ചു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതന്യൂനപക്ഷങ്ങളുടെ തെറ്റിദ്ധാരണകള്‍ നീക്കാന്‍ ഇടതുമുന്നണി പ്രചാരണം സംഘടിപ്പിക്കണമെന്ന് കൊല്ലം പ്രസ്ക്ലബില്‍ നടന്ന പത്രസമ്മേളനത്തില്‍ വച്ച് ഈയടുത്ത ദിവസം ചന്ദ്രപ്പന് പറഞ്ഞിരുന്നു.
മതന്യൂനപക്ഷങ്ങളുമായി ഉണ്ടായ അഭിപ്രായ വ്യത്യാസം ചര്‍ച്ച ചെയ്തുപരിഹരിക്കാന് കഴിയുമെന്നും മുന്നണി വിട്ടുപോയവരെ കൂടുതല്‍ ചര്‍ച്ചകളിലൂടെ തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്നും ചന്ദ്രപ്പന് പ്രത്യാശിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി പിണറായി വിജയനിട്ട് ഒന്ന് താങ്ങാനും ചന്ദ്രപ്പന് മറന്നില്ല. ഏതെങ്കിലും ഒരു നേതാവിന് മുന്നണിയില്‍ പ്രധാന്യം ലഭിക്കുന്നത് ശരിയല്ലെന്നും മുന്നണിയില്‍ എല്ലാ ഘടകകക്ഷികള്‍ക്കും പ്രാധാന്യമുണ്ടാകണമെന്നുമാണ് ചന്ദ്രപ്പന് പറഞ്ഞത്.
എന്തായാലും, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വിയെ പറ്റി പഠിക്കാന്‍ ഇടതുമുന്നണി തയ്യാറായിട്ടുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. ചന്ദ്രപ്പന് അഭിപ്രായപ്പെട്ടതു പോലെ, ക്രിസ്ത്യന്‍ വിഭാഗവും മുസ്ലീം വിഭാഗവും പാര്‍ട്ടിയെ കൈവിട്ടുവെന്ന തോന്നലാണ് ഒരു വിഭാഗം നേതാക്കള്‍ക്കുള്ളത്.
സോഷ്യലിസ്റ്റ് ജനതയും കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പും ഇടതുപക്ഷത്തു നിന്ന് മാറിപ്പോയത് പാര്‍ട്ടിയെ അശക്തമാക്കിയെന്ന അഭിപ്രായവും ചിലര്‍ക്കുണ്ട്. പാര്‍ട്ടിയിലെ വിഭാഗീയ പ്രവര്‍ത്തനങ്ങളാണ് തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടിക്ക് കാരണമായതെന്ന് മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നു.