പ്രാരാബ്ധം പറഞ്ഞ് പണംതട്ടിയ ഓട്ടോഡ്രൈവര്‍ പിടിയില്‍
കൊല്ലം: |
WEBDUNIA|
PRO
PRO
ഓട്ടോറിക്ഷയില്‍ കറങ്ങിനടന്ന് വീട്ടിലെ പ്രാരാബ്ധങ്ങള്‍ വിവരിച്ച് യാത്രക്കാരുടെ സഹതാപം പിടിച്ചുപറ്റി പണം തട്ടിയെടുത്തുവന്ന ആള്‍ അറസ്റ്റില്‍. ഇരവിപുരം പെരുമനത്തൊടിയില്‍ മുതിരഴികം വീട്ടില്‍ സലി(43)മിനെയാണ് കൊല്ലം സ്പെഷ്യല്‍ ബ്രാഞ്ച് അസി. കമ്മിഷണര്‍ ടിഎഫ് സേവ്യറിന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് അറസ്റ്റ് ചെയ്തത്.
യാത്രക്കാര്‍ ഓട്ടോറിക്ഷയില്‍ കയറുന്നതിനു മുന്‍പ് ഇയാള്‍ മൊബൈയില്‍ഫോണില്‍ റിംഗ്ടോണ്‍ സെറ്റ് ചെയ്തുവയ്ക്കും. തുടര്‍ന്ന് ഭാര്യയോട് സംസാരിക്കുന്നതുപോലെ അഭിനയിക്കുകയും ചെയ്യും. മക്കള്‍ക്കു സുഖമില്ലെന്നും ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം സംഘടിപ്പിക്കാന്‍ ശ്രമിച്ചിട്ട് നടന്നില്ലെന്നും കുടുംബത്തോടെ ആത്മഹത്യ ചെയ്യുകയല്ലാതെ നിവൃത്തിയില്ലെന്നുമൊക്കെ സംസാരിച്ച് യാത്രക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റും.
യാത്രക്കാര്‍ മക്കളുടെ അസുഖത്തെകുറിച്ച് തിരക്കുമ്പോള്‍ ഓട്ടോറിക്ഷ ഒതുക്കിനിര്‍ത്തി നടുറോഡില്‍ ഇറങ്ങി വാവിട്ട് കരയും. മനസലിയുന്ന യാത്രക്കാര്‍ കൈയിലുള്ള സ്വര്‍ണാഭരണങ്ങളും പണവും കൊടുക്കുകയാണ് പതിവ്. കൂടുതലും സ്ത്രീകളാണ് തട്ടിപ്പിന് ഇരയാകുന്നത്. യാത്രാസൗകര്യം കുറഞ്ഞ സ്ഥലങ്ങളില്‍ കറങ്ങിനടന്നാണ് ഇയാള്‍ ഇരകളെ കണ്ടെത്തുന്നത്.
ശക്തികുളങ്ങരയിലുള്ള ഒരു സ്ത്രീയില്‍നിന്നു സ്വര്‍ണമോതിരവും 6000 രൂപയും മങ്ങാട് ഒരു സ്ത്രീയില്‍ നിന്നും സ്വര്‍ണ മോതിരവും കൊട്ടറയിലുള്ള സ്ത്രീയില്‍നിന്ന് 7000 രൂപയും കരുനാഗപ്പള്ളിയിലുള്ള സ്ത്രീയില്‍നിന്നും സ്വര്‍ണ കാല്‍ത്തളയും പൂയപ്പള്ളിയിലുള്ള രണ്ടു സ്ത്രീകളില്‍നിന്നു മൂന്നു മോതിരവും 1000 രൂപയും തട്ടിയെടുത്തതായി തെളിഞ്ഞിട്ടുണ്ട്. പലരില്‍നിന്നായി 1000, 500 രൂപാ വീതം തട്ടിയെടുത്തതായി ഇയാള്‍ സമ്മതിച്ചു.