കൊച്ചി|
Harikrishnan|
Last Updated:
ചൊവ്വ, 29 ഏപ്രില്‍ 2014 (16:22 IST)
പ്രമുഖ ചിത്രകാരന്‍ എം വി ദേവന്‍ അന്തരിച്ചു. 86 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഉച്ച കഴിഞ്ഞ് 3:10 ഓടെയാണ് അന്ത്യം സംഭവിച്ചത്.
1928 ജനുവരി 15 ന് തലശ്ശേരിക്കടൂത്ത് പന്ന്യന്നൂര്‍ ഗ്രാമത്തില്‍ ജനനം. ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷം 1946-ല്‍ മദ്രാസില്‍ ചിത്രകല പഠിക്കുവാനായി പോയി. മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്ട് ആന്റ് ക്രാഫ്റ്റ്സില്‍ ഡിപി റോയ് ചൌധരി, കെസിഎസ് പണിക്കര്‍ തുടങ്ങിയവരുടെ കീഴില്‍ചിത്രകല അഭ്യസിച്ചു. ഈ ഗുരുനാഥന്മാര്‍ അദ്ദേഹത്തിന്റെ ജീവിതത്തെയും ചിത്രകലയെയും വലിയ അളവു വരെ സ്വാധീനിച്ചു. ഈ സമയത്ത് അദ്ദേഹം എം. ഗോവിന്ദനുമായി പരിചയപ്പെട്ടു.
കേരളത്തിലെ ആധുനിക ചിത്രകലാപ്രസ്ഥാനത്തിന്റെ പ്രചാരകരില്‍ മുന്‍പന്തിയിലാണ് ദേവന്റെ സ്ഥാനം. വാസ്തുശില്പ മേഖലയില്‍ ലാറി ബേക്കറുടെ അനുയായി ആയിരുന്നു.
ദേവന്റെ തെരഞ്ഞെടുത്ത രചനകളുടെ സമാഹാരം ദേവസ്പന്ദനം എന്ന പേരില്‍ 1999ല്‍ പ്രസിദ്ധീകരിച്ചു. 1999 ലെ വയലാര്‍ അവാര്‍ഡ് ഈ കൃതിക്ക് ലഭിച്ചു.
1985 ല്‍ കേരള ലളിതകലാ അക്കാദമി ഫെലോഷിപ്പ് ,1985 ല്‍ ചെന്നൈ റീജിയണല്‍ ലളിതകലാ അക്കാദമി ഫെലോഷിപ്പ് ,1992 ല്‍ ക്രിട്ടിക്‌സ് അവാര്‍ഡ്, 1994 ല്‍ എം.കെ.കെ. നായര്‍ അവാര്‍ഡ്, 2001 ല്‍ മാതൃഭൂമി സാഹിത്യപുരസ്‌കാരം, അതേവര്‍ഷം തന്നെ മലയാറ്റൂര്‍ രാമകൃഷ്ണന്‍ ചിത്രശില്പകലാ ബഹുമതി, എന്നീ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ശ്രീദേവിയാണ് ഭാര്യ, ജമീല ഏകമകളും.