ചിത്രകാരന്‍ സി എന്‍ കരുണാകരന്‍ അന്തരിച്ചു

കൊച്ചി| WEBDUNIA|
PRO
PRO
പ്രശസ്ത ചിത്രകാരന്‍ സി എന്‍ കരുണാകരന്‍ (73) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കേരള ലളിതകലാ അക്കാദമി മുന്‍ അധ്യക്ഷനായിരുന്നു.

കേരളത്തിലെ ആദ്യത്തെ സ്വകാര്യ ആര്‍ട്ട് ഗ്യാലറിയായ ‘ചിത്രകൂടം‘ അദ്ദേഹമാണ് ആരംഭിച്ചത്. അശ്വത്ഥാമാവ്, ഒരേ തൂവല്‍ പക്ഷികള്‍, അക്കരെ, പുരുഷാര്‍ത്ഥം, ആലീസിന്റെ അന്വേഷണം എന്നീ ചിത്രങ്ങള്‍ക്ക് കലാസംവിധാനം നിര്‍വഹിക്കുകയും ചെയ്തു.

2009ല്‍ രാജാരവിവര്‍മ്മ പുരസ്കാരം ലഭിച്ചു. കേരള ലളിതകലാ അക്കാദമി പുരസ്‌കാരം മൂന്ന് തവണ നേടിയ അദ്ദേഹം കേരള ലളിതകലാ അക്കാദമി ഫെലോഷിപ്പ് , മലയാറ്റൂര്‍ രാമകൃഷ്ണന്‍ പുരസ്‌കാരം, പി ടി ഭാസ്‌കര പണിക്കര്‍ പുരസ്‌കാരം, മദ്രാസ് ലളിതകലാ അക്കാദമി പുരസ്‌കാരം എന്നിവരുടെ നേടിയിട്ടുണ്ട്.

വരകളില്‍ സ്വന്തമായ ശൈലി രൂപീകരിച്ച ഈ കലാകാരന്‍ നന്നേ ചെറുപ്പത്തില്‍ തന്നെ ചിത്രങ്ങള്‍ വരച്ചുതുടങ്ങിയിരുന്നു. കാനായി കുഞ്ഞിരാമന്‍, അക്കിത്തം നാരായണന്‍ തുടങ്ങി പ്രശസ്ത കലാകാരന്മാരുടെ സമകാലീനനായിരുന്നു അദ്ദേഹം. പൌരാണിക സംസ്കാരത്തിന്റെ അംശങ്ങള്‍ അദ്ദേഹത്തിന്റെ വരകളില്‍ ഒഴിച്ചുകൂടാനാകാത്തതായിരുന്നു. എണ്ണച്ചായവും ജലച്ചായവും ഇനാമല്‍ പെയിന്റിംഗും അദ്ദേഹത്തിന് ഒരുപോലെ വഴങ്ങുമായിരുന്നു.

ഗുരുവായൂരിനടുത്തുള്ള ബ്രഹ്മകുളത്താണ് സിഎന്‍ കരുണാകരന്‍ ജനിച്ചത്. മൂന്നാം ക്ളാസില്‍ പഠിക്കുമ്പോള്‍ പെന്‍സില്‍കൊണ്ട് വരച്ച അശോകസ്തംഭമാണ് ശ്രദ്ധിക്കപ്പെട്ട ആദ്യ ചിത്രം. ഗവണ്‍മെന്റ് സ്‌കൂള്‍ ആന്‍ഡ് ക്രാഫ്റ്റ്‌സ് മദ്രാസ്, ഗവണ്‍മെന്റ് കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സ് മദ്രാസ് എന്നിവിടങ്ങളിലായിരുന്നു പഠനം.

ഈശ്വരി ആണ് ഭാര്യ. മക്കള്‍: അമ്മിണി, ആയില്യന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :