വിശാഖപട്ടണം|
JOYS JOY|
Last Modified ശനി, 18 ഏപ്രില്‍ 2015 (13:07 IST)
സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിമാര്‍ക്കെതിരെ കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്‌ണ പിള്ള നല്കിയ പരാതി അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. വിശാഖപട്ടണത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി എസ്. ദീര്‍ഘകാലം യു ഡി എഫിനൊപ്പം നിന്ന ആളാണ് പിള്ളയെന്നും അതിനാല്‍ മന്ത്രിമാര്‍ക്ക് എതിരെ അദ്ദേഹം ഉന്നയിക്കുന്ന പരാതികള്‍ തെറ്റാകാന്‍ സാധ്യതയില്ലെന്നും
വി എസ് പറഞ്ഞു.
അതേസമയം, ബാലകൃഷ്ണപിള്ളയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കേരളാ കോണ്‍ഗ്രസ് ജേക്കബ് നേതാവ് ജോണി നെല്ലൂര്‍ പ്രതികരിച്ചു. എല്‍ ഡി എഫില്‍ കയറികൂടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പിള്ളയുടെ ഇപ്പോഴത്തെ നീക്കമെന്ന് പറഞ്ഞ ജോണി നെല്ലൂര്‍ വിജിലന്‍സിന് പരാതി നല്‍കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും പറഞ്ഞു.
ധനമന്ത്രിയും കേരള കോണ്‍ഗ്രസ് (എം) നേതാവുമായ കെ എം മാണി, ഭക്‌ഷ്യ - സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ക്കെതിരെ പിള്ള വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് വി എസിന്റെ അഭിപ്രായപ്രകടനം.
അരി മില്ലുടമകളില്‍ നിന്നും ക്വാറി ഉടമകളില്‍ നിന്നും കോഴ വാങ്ങിയെന്നാണു മാണിക്കെതിരേയുള്ള ആരോപണം. കണ്‍സ്യൂമര്‍ ഫെഡിലും രജിസ്ട്രേഷന്‍ വകുപ്പിലും ജഡ്ജിമാരെ നിയമിച്ചതില്‍ ക്രമക്കേടു നടത്തിയെന്നാണു അനൂപ് ജേക്കബിനെതിരെയുള്ള ആരോപണം.